കയറ്റുമതി നിലനിര്‍ത്തുമെന്ന് മാരുതി

Webdunia
ശനി, 16 ജനുവരി 2010 (16:38 IST)
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മോഡലുകളുടെ കയറ്റുമതി 1.3 ലക്ഷം യൂണിറ്റായി നിലനിര്‍ത്തുകയാണ് ലക്‍ഷ്യമെന്ന് മാരുതി സുസുക്കി. യൂറോപ്പിനായുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ അതേ കയറ്റുമതി തോത് നിലനിര്‍ത്താനാണ് കമ്പനി ശ്രമിക്കുന്നതെന്ന് മാരുതി സുസുക്കി ജനറല്‍ മാനേജര്‍ അമിതാവ റോയ് പറഞ്ഞു. കമ്പനിയുടെ പുതിയ കാറായ ‘ഈകോ’ കേരളത്തില്‍ വിപണിയിലിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008-09 കാലയളവില്‍ 72000 യൂണിറ്റ് കാറുകളാണ് മാരുതി കയറ്റുമതി ചെയ്തത്.

അഞ്ച്, ഏഴ് സീറ്റ് ശേഷിയുള്ള രണ്ട് മോഡലുകളിലാണ് ഈകോ വിപണിയില്‍ ലഭ്യമാകുക. ഇകോ സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സീറ്റ് മോഡലിന് 2,71994 രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വില. എയര്‍കണ്ടീഷണര്‍ ഉള്ള മോഡലിന് 3,01994 രൂപയാന് വില. ഏഴ് സീറ്റ് മോഡലിന് 2,87989 രൂപയാണ് വില.

ലോക വിപണിയില്‍ ആവശ്യക്കാരുണ്ടെങ്കില്‍ ഈകോയും കയറ്റുമതി ചെയ്യുമെന്ന് റോയ് പറഞ്ഞു. ഈകോയുടെ ഡീസല്‍ മോഡല്‍ ഇപ്പോള്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ലിറ്റര്‍ പെട്രോളിന് 15.1 കിലോമീറ്ററാണ് ഈകോയുടെ മൈലേജ്.