ഓയില്‍ ഇന്ത്യയുടെ അറ്റാദായം ഉയര്‍ന്നു

Webdunia
ശനി, 30 ജനുവരി 2010 (17:42 IST)
പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യയുടെ അറ്റാദായത്തില്‍ 23.5 ശതമാനം വര്‍ധന. ഡിസംബര്‍ 31ന് മൂന്നാം പാദത്തില്‍ 717.28 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 580.87 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

മൂന്നാം പാദത്തില്‍ ബാരലിന് 58.78 ഡോളറാണ് കമ്പനിക്ക് ലഭിച്ചതെന്ന് ഓയില്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ എന്‍ എം ബോറ അറിയിച്ചു. ബാരലിന് 15.11 ഡോളര്‍ സബ്സിഡി നല്‍കിയ ശേഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ സബ്സിഡിയില്‍ 11 ശതമാനം കുറവ് അനുഭവപ്പെട്ടു. ന്യൂഡല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 44.55 ശതമാനം ഉയര്‍ന്ന് 2084.44 കോടി രൂപയായി. എണ്ണയുത്പാദനം ഈ പാദത്തില്‍ 3.76 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. അതേസമയം പ്രകൃതി വാതക ഉത്പാദനം ഒന്‍പത് ശതമാനം വളര്‍ച്ചയാണ് നേടിയതെന്ന് ബോറ അറിയിച്ചു.