അമേരിക്കയില്‍ 4600 കോടി രൂപയുടെ കേസ് ഫയല്‍ ചെയ്തതായ വ്യാജ പ്രചരണത്തിനെതിരെ ഐസിഐസിഐ ബാങ്ക് അധികൃതര്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു പരാതി നല്‍കി. ദുഷ് പ്രചരണം മൂലം ബാങ്കിന്റെ ഓഹരിവിലയില്‍ കഴിഞ്ഞ ദിവസം മൂന്നരശതമാനം ഇടിവുണ്ടായ സാഹചര്യത്തിലാണിത്.
ബാങ്കിന്റെ ഓഹരിവില ഇടിയുന്നതില്‍ നിന്നും നേട്ടമുണ്ടാക്കുക എന്നതു ലക്‍ഷ്യമിട്ടയിരുന്നു ഈ പ്രചരണമെന്ന് ബാങ്ക് പരാതിയില്‍ വ്യക്തമാക്കി. വാര്‍ത്ത വന്നതോടെ ബാങ്കിന്റെ ഓഹരിവില 18 മിനിറ്റിനുള്ളില്‍ 881 രൂപയില്‍ നിന്നും 850 രൂപയിലേക്കു താഴ്ന്നിരുന്നു. ഈ വിലയിടിവ് ഓഹരി സൂചികയിലും പ്രതിഫലിച്ചു.
ഒരു വ്യക്തി അയാളുടെ ഗ്രൂപ്പിലുള്ള പലര്‍ക്കും അയച്ച ഒരു ഇമെയില്‍ സന്ദേശമാണ് ഇതിനു കാരണമായതെന്നു കരുതുന്നു. ബാങ്കിന്റെ നിക്ഷേപകനായ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു വെബ്സൈറ്റില്‍ നിന്നു ബാങ്ക് അധികൃതര്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. മുപ്പതുവയസുള്ള ഇയാള്‍ മുംബൈ സ്വദേശിയാണ്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും പറയപ്പെടുന്നു.
ഇതുകൂടാതെ ഓഹരി ദല്ലാള്‍ സ്ഥാപനം നടത്തുന്ന വ്യക്തിയും ഇത്തരത്തില്‍ ഒട്ടേറെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ബാങ്കിനെതിരായ വിവരം തനിക്ക് ഒരു ബ്ലോഗില്‍ നിന്നാണു ലഭിച്ചതെന്ന് ഇയാളുടെ വാദം. അമേരിക്കയിലെ ഒരു ഓഹരി ഇടപാടു സ്ഥാപനം ബാങ്കിനെതിരെ 4600 കോടി രൂപയുടെ കേസ് ഫയല്‍ ചെയ്തിട്ടുണെടെന്നും രണ്ടുദിവസത്തിനുള്ളില്‍ സത്യം കംപ്യൂട്ടേഴ്സിനു സംഭവിച്ചതുപോലെ ബാങ്കിന്റെ ഓഹരി വില 20 മുതല്‍ 30% വരെ ഇടിയുമെന്നുമാണു ബ്ലോഗില്‍ പറയുന്നത്.
2003 ഏപ്രിലില്‍ ഗുജറാത്തില്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ബാങ്ക് വന്‍ പ്രതിസന്ധിയിലാണെന്ന് പ്രചാരണമുണ്ടായിരുന്നു.