എയര്‍ ഇന്ത്യ 4.16 ലക്ഷം നഷ്ടപരിഹാരം നല്‍കണം

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2010 (09:45 IST)
PRO
വിമാനത്തില്‍ കയറ്റി അയച്ച തുണിത്തരങ്ങള്‍ നഷ്ടപ്പെട്ടതിനും ശ്രദ്ധക്കുറവു മൂലം നശിച്ചതിനും തുണിമില്ലുകാരന് നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഉത്തരവ്. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആണ് 4.16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ ഇന്ത്യയോട് ഉത്തരവിട്ടത്.

സൊയിമെക്സ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ഇയാള്‍ വിമാനത്തിലെ കാര്‍ഗോ വഴി കയറ്റി അയച്ച തുണിത്തരങ്ങള്‍ മോഷണം പോകുകയും മഴയേറ്റ് നശിക്കുകയുമായിരുന്നു.

മധ്യേഷ്യയിലെ ഒരു കമ്പനിയിലേക്ക് തുണിത്തരങ്ങള്‍ കയറ്റി അയയ്ക്കുന്നതിനാണ് എയര്‍ ഇന്ത്യയുടെ കാര്‍ഗോ സേവനം ഇയാള്‍ തേടിയിരുന്നത്. ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം മുംബൈയില്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന തുണിത്തരങ്ങള്‍ സംരക്ഷിക്കുന്നതില്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഉപേക്ഷ കാട്ടികയായിരുന്നു.

മുംബൈ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരെന്നും അവിടെയുണ്ടായിരുന്ന ചരക്ക് സംരക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും എയര്‍ ഇന്ത്യ വാദിച്ചുനോക്കി. എന്നാല്‍ യാത്രയ്ക്കായി ചരക്കെടുത്തുകഴിഞ്ഞാല്‍ അതിന്‍റെ ഉത്തരവാദിത്വം എയര്‍ ഇന്ത്യ കമ്പനിക്കാണെന്ന് കമ്മീഷന്‍ അംഗങ്ങളായ ജസ്റ്റിസ് കെ‌എസ് ഗുപ്തയും രാജ്യലക്‍ഷ്മി റാ‍വുവും ചൂണ്ടിക്കാട്ടി. 38.50 ലക്ഷം രൂപയാണ് തുണിമില്‍ ഉടമ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.