ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഫേസ്ബുക്കില്‍ ശമ്പളം 1.34 കോടി

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (19:33 IST)
PRO
PRO
ഇന്റര്‍നെറ്റിലെ സൌഹൃദക്കൂട്ടാ‍യ്മയായ ഫേസ്ബുക്ക് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത് 1.34 കോടി രൂപയുടെ വാര്‍ഷിക ശമ്പളം. അലഹബാദിലെ മോത്തിലാല്‍ നെഹ്രു നാഷണല്‍ ഇന്‍‌സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിക്കാണ് ഫേസ്ബുക്ക് ഇത്രയും ശമ്പളം വാഗ്ദാനം നല്‍കിയിരിക്കുന്നത്.

വിദ്യാര്‍ഥിയെ നിയമിച്ചതായി കഴിഞ്ഞ 27ന് ഫേസ്ബുക്കില്‍ നിന്ന് കത്ത് ലഭിച്ചതായി മോത്തിലാല്‍ നെഹ്രു നാഷണല്‍ ഇന്‍‌സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചക്രവര്‍ത്തി പറഞ്ഞു. 262,500 യു എസ് ഡോളറാണ് ( 1.34 കോടി രൂപ) വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് വിദ്യാര്‍ഥിയുടെ പേര് വെളിപ്പെടുത്താതെന്നും ചക്രവര്‍ത്തി പറഞ്ഞു.

ഫേസ്ബുക്കില്‍ നിന്ന് ഇ മെയില്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇന്‍സ്റ്റിസ്റ്റ്യൂട്ട് റിക്രൂട്ട്‌മെന്റ് തുടങ്ങിയത്. ഒമ്പത് ഘട്ടങ്ങളിലായി നടന്ന ടെലിഫോണ്‍ അഭിമുഖത്തിന് ശേഷമാണ് അനുയോജ്യനായ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. കാണ്‍പൂര്‍ സ്വദേശിയായ ഈ വിദ്യാര്‍ഥി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞതിന് ശേഷം കാലിഫോര്‍ണിയയിലെ മെന്‍‌ലോ പാര്‍ക്കില്‍ ജോലിക്ക് ചേരും- ചക്രവര്‍ത്തി പറഞ്ഞു.

അതേസമയം ഫേസ്ബുക്കില്‍ ഇന്ത്യക്കാര്‍ക്ക് അവസരമുള്ളതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. അമേരിക്കയിലെ ഒഴിവുകള്‍ നികത്തുന്നതിനായാണ് ഫേസ്‌ബുക്ക് ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ തേടുന്നത്.

ആഗോള കമ്പനികള്‍ ഇന്ത്യന്‍‌ വിഭാഗങ്ങളില്‍ ഇന്ത്യക്കാരെ നിയമിക്കാറുണ്ടെങ്കിലും അമേരിക്കയില്‍ നേരിട്ട് നിയമിക്കുന്നത് അപൂര്‍വമാണെന്നാണ് തൊഴില്‍ മേഖലയിലെ വിദഗ്ഗ്ധര്‍ പറയുന്നത്.

ഒരു ഇന്ത്യന്‍ മാധ്യമത്തിലാണ് ഫേസ്ബുക്ക് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ തേടുന്നതായി പരസ്യം വന്നത്.