ഇനി റിലയന്‍സിന്റെ വിമാനവും

Webdunia
ഞായര്‍, 29 ജൂലൈ 2012 (15:36 IST)
PRO
PRO
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിമാന നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നെന്ന് റിപ്പോര്‍ട്ട്. വിവിധയിനം വിമാനങ്ങളും ഹെലികോപ്റ്ററുകളും നിര്‍മിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിനായുള്ള ലൈസന്‍സിനായി കേന്ദ്ര വ്യാവസായിക നയ പ്രോത്സാഹന വകുപ്പിന് കമ്പനി അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

ഇതിനായി വരും വര്‍ഷങ്ങളില്‍ 5,000 കോടി രൂപ മുതല്‍മുടക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്. മിലിട്ടറി വിമാനങ്ങള്‍, യാത്രാവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, എയ്‌റോസ്റ്റാറ്റ് എന്നിവയുടെ രൂപകല്‍പന, വികസനം, നിര്‍മാണം എന്നിവ നിര്‍വഹിക്കും. എയര്‍ഫ്രെയിം, എന്‍ജിന്‍, റഡാറുകള്‍, ഏവിയോണിക്‌സ് തുടങ്ങിയ ഘടകങ്ങളും നിര്‍മിക്കും. ഇതിനായി റിലയന്‍സ് എയ്‌റോസ്‌പേസ് ടെക്‌നോളജീസ്, റിലയന്‍സ് സെക്യൂരിറ്റി സൊലൂഷന്‍സ് എന്നിങ്ങനെ രണ്ടു കമ്പനികള്‍ രൂപവത്കരിച്ചിട്ടുണ്ട്.

വ്യോമയാന ബിസിനസിന്റെ നടത്തിപ്പിനായി വിമാനനിര്‍മാണക്കമ്പനിയായ ബോയിങ്ങിന്റെ ഇന്ത്യന്‍ മേധാവിയായിരുന്ന വിവേക് ലാലിനെ നിയമിക്കുകയും ചെയ്തു. ആഗോള കമ്പനികളുമായി ചേര്‍ന്നായിരിക്കും വിമാനനിര്‍മാണത്തിന് ആവശ്യമായ ടെക്‌നോളജി ലഭ്യമാക്കുക.