അശോകിന്റെ ദോസ്ത് കേരളത്തില്‍

Webdunia
ശനി, 22 ഒക്‌ടോബര്‍ 2011 (11:28 IST)
അശോക് ലെയ്‌ലാന്‍ഡ് ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ ദോസ്ത് കേരളത്തില്‍ പുറത്തിറക്കി. ജപ്പാന്‍ കമ്പനി നിസാനുമായുള്ള സംയുക്ത സംരംഭത്തിലാണ് അശോക് ലെയ്‌ലാന്‍ഡ് ദോസ്ത് പുറത്തിറക്കിയത്.

ദോസ്തിന്‍റെ മൂന്നു മോഡലുകളാണു പുറത്തിറക്കിയത്. ഉയര്‍ന്ന മോഡലില്‍ പവര്‍ സ്റ്റിയറിംഗ്, എസി, ഇരട്ട നിറങ്ങളിലുള്ള ബീജ് - ഗ്രേ ട്രിം, ഫാബ്രിക് സീറ്റുകള്‍ എന്നിവയുണ്ട്. പവര്‍ സ്റ്റിയറിംഗ് ഉള്ളതും ഇല്ലാത്തതുമായ മോഡലുകളാണു മറ്റുള്ളവ. 3.79 - 4.38 ലക്ഷം രൂപയാണ് വില. 1.25 ടണ്‍ ഭാരം വഹിക്കാന്‍ കഴിവുള്ളവതാണ് ഈ വാഹനം.

അശോക് ലെയ്‌ലാന്‍ഡിലെ എന്‍ജിനീയര്‍മാര്‍ സ്വന്തമായി വികസിപ്പിച്ച 55 ബിഎച്ച്‌പി, മൂന്നു സിലിണ്ടര്‍, ടര്‍ബോ ചാര്‍ജ്ഡ് കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിനാണ് ദോസ്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ആഡംബര കാറുകളുടെ രൂപത്തിലും ശൈലിയിലുമുള്ള ഈ വാഹനത്തിന് വന്‍ ഡിമാന്‍ഡുണ്ടാകുമെന്നു ഹിന്ദുജ ഓട്ടോമോട്ടീവ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റും നിസാന്‍ അശോക് ലെയ്‌ലാന്‍ഡ് പവര്‍ ട്രെയ്ന്‍ ചെയര്‍മാനുമായ ഡോ വി സുമന്ത്രന്‍ പറഞ്ഞു.