ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമി ഫൈനലില്‍ കടന്നു. വനിതകളുടെ സിംഗിള്‍സിലാണ് സൈന ഒരു മെഡല്‍ ഉറപ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്‍ ചൈനയുടെ വാങ് യിഹാനെ പരാജയപ്പെടുത്തിയാണ് സൈന സെമിയില്‍ പ്രവേശിച്ചത്.
സ്കോര്‍: 21-15, 19-21, 21-19. സെമി ഫൈനലില്‍ ഇന്തോനേഷ്യയുടെ ഫനെത്രി ലിന്‍ഡാവെനാണ് സൈനയുടെ എതിരാളി. നാലാം സീഡ് തായ്പേയുടെ യിങ് തായ്സുവിനെ അട്ടിമറിച്ചാണ് ഫനെത്രി സെമിയില്‍ എത്തിയിരിക്കുന്നത്.
അതേസമയം, രണ്ടുതവണ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമണിഞ്ഞ പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. കൊറിയയുടെ ജി യുന്‍ സങ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 19-21, 21-16. വനിത ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പുറത്തായി.