ലോക ബാഡ്‌മിന്റണ്‍: സൈനയ്‌ക്ക് വെള്ളിയുടെ തിളക്കം

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2015 (14:07 IST)
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് വെള്ളി. ലോക ഒന്നാം നമ്പര്‍ താരമായ സ്‌പെയിനിന്റെ കരോളിന മരിനാണ് സ്വര്‍ണ്ണം. 16-21, 19-21 എന്ന സ്‌കോറിനാണ് കരോളിന സൈനയെ തോല്‍പിച്ചത്.

സെമി ഫൈനലില്‍ ഇന്തോനേഷ്യയുടെ ഫനെത്രി ലിന്‍ഡാവെനെ പരാജയപ്പെടുത്തിയാണ് സൈന ഫൈനല്‍ ഉറപ്പാക്കിയത്. ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈനയുടെ ആദ്യ ഫൈനല്‍ പ്രവേശനമായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്‍ ചൈനയുടെ വാങ് യിഹാനെ പരാജയപ്പെടുത്തിയായിരുന്നു സൈന സെമിയില്‍ പ്രവേശിച്ചത്. നാലാം സീഡ് തായ്പേയുടെ യിങ് തായ്സുവിനെ അട്ടിമറിച്ചായിരുന്നു ഫനെത്രി സെമിയില്‍ എത്തിയിരിക്കുന്നത്.

അതേസമയം, രണ്ടുതവണ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമണിഞ്ഞ പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. കൊറിയയുടെ ജി യുന്‍ സങ് ആയിരുന്നു സിന്ധുവിനെ പരാജയപ്പെടുത്തിയത്.