കിളിക്കൂട്ടിലെ ഒമ്പത് നിമിഷങ്ങള്‍; മിന്നല്‍പ്പിണരായി ബോള്‍ട്ട് ഒന്നാമത്

Webdunia
തിങ്കള്‍, 24 ഓഗസ്റ്റ് 2015 (10:36 IST)
പതിവ് തെറ്റിക്കാതെ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തു. ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഓട്ടത്തില്‍ 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് ബോള്‍ട്ട് മൂന്നാം തവണയും സ്വര്‍ണം കാത്തത്.

ബോള്‍ട്ടിന് വെല്ലുവിളിയാകുമെന്ന് കരുതിയ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ 9.80 സെക്കന്റില്‍ ഓടിയെത്തിയപ്പോള്‍ അമേരിക്കയുടെ 20 കാരന്‍ ട്രെവോണ്‍ ബ്രൊമല്‍ (9.92) വെങ്കലത്തില്‍ ഫിനിഷ് ചെയ്തു.  മുന്‍ ലോകചാമ്പ്യന്‍ ടൈസന്‍ ഗേ ആറും (10.00), മുന്‍ ലോക റെക്കോഡുകാരന്‍ ജമൈക്കയുടെ അസഫ പവല്‍ ഏഴും (10.00) സ്ഥാനക്കാരായി നിരാശപ്പെടുത്തി.

സെമിയില്‍ 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജസ്റ്റിന്‍ ഗാട്‌ലിനാണ് ഫൈനലില്‍ കൂടുതല്‍ സാധ്യതയെന്ന വിലയിരുത്തലുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ബോള്‍ട്ട് ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ താന്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ചത്.