ഹൃദ്രോഗവുമായി മല്ലിട്ട് പടിയിറക്കം, സെർജിയോ അഗ്യൂറോ നാളെ വിരമിക്കും

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (20:27 IST)
അർജന്റൈൻ സൂപ്പർതാരം സെർജിയോ അഗ്യൂറോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും നാളെ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്‌സ മാനേജ്മെന്‍റിനെ നേരത്തെ അറിയിച്ചിരുന്നു.  
 
കഴിഞ്ഞ ഒക്ടോബറിൽ അലാവസിനെതിരായ മത്സരത്തിന്‍റെ 42-ാം മിനുറ്റി‌ൽ നെഞ്ചുവേദനയെ തുടർന്ന് അഗ്യൂറോ മൈതാനം വിട്ടിരുന്നു. വിശദമായ പരിശോധനയിലാണ് ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം കണ്ടെത്തിയത്. തിരിച്ചുവരുമെന്ന് ആരാധകർക്ക് വാക്ക് നൽകിയാണ് മടങ്ങിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ താരത്തിന് ആ വാക്ക് പാലിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. 
 
ലിയോണല്‍ മെസിയും അന്‍റോയിന്‍ ഗ്രീസ്‌മാനും ബാഴ്‌സ വിട്ടതോടെ ടീമിന്റെ പ്രധാനതാരമാകുമെന്ന് കരുതിയ അഗ്യൂറോ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ബാഴ്‌സയ്ക്കായി ബൂട്ട് കെട്ടിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി നീണ്ട 10 വർഷമാണ് അഗ്യൂറോ ബൂട്ട് കെട്ടിയത്.
 
അർജന്റീനയുടെ കുപ്പായത്തിൽ കോപ്പ അമേരിക്ക കിരീടം നേടാൻ അഗ്യൂ‌റോയ്ക്കായിരുന്നു.  18 വർഷം നീണ്ട കരിയറിനാണ് 33-ാം വയസിൽ വിരാമമാകുന്നത്. മെസ്സിയുടെ അടുത്ത സുഹൃത്തായ താരം മെസ്സിയുടെ നിര്‍ബന്ധത്തിലാണ് മാ‍ഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്‌സയിലെത്തിയത്.

എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസിക്ക് ബാഴ്‌സ വിടേണ്ടിവന്നതിന് പിന്നാലെ പരിക്കിനെ തുടർന്ന് രണ്ട് മാസം അഗ്യൂറോയ്ക്ക് പുറത്തിരിക്കേണ്ടി വന്നു.ഫിറ്റ്നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article