ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് പരമോന്നത കായിക ബഹുമതിയായ രാജിവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം സമ്മാനിച്ചു. ദേശീയ കായികദിനമായ ഓഗസ്റ്റ് 29 ശനിയാഴ്ച ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ് ദേശീയകായികദിനമായി ആചരിക്കുന്നത്. ധ്യാന്‍ചന്ദിന്റെ നൂറ്റി പത്താം ജന്മവാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞദിവസം. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോനോവാളും ചടങ്ങില്‍ സംബന്ധിച്ചു.
മറൂണ്‍ സാരിയും നീല ബ്ലേസറും ധരിച്ചെത്തിയ സാനിയയെ വന്‍ കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്. ലിയാണ്ടര്‍ പേസിന് ശേഷം ഖേല്‍രത്‌ന ലഭിക്കുന്ന രണ്ടാമത്തെ ടെന്നിസ് താരമാണ് സാനിയ.
പാരാലിമ്പിക് താരം എച്ച് എന്‍ ഗിരിഷ നല്‍കിയ പരാതിയെ തുടര്‍ന്ന് സാനിയയ്ക്ക് ഖേല്‍രത്‌ന നല്‍കുന്നത്കര്‍ണാടക ഹൈക്കോടതി നേരത്തെ താത്കാലികമായി തടഞ്ഞിരുന്നു.