രോഹിത് ശർമ ഉൾപ്പെടെ നാലുപേർക്ക് ഖേൽരത്ന ശുപാർശ

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (19:59 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ നാലുപേർക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്‌ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് ശുപാർശ. രോഹിത് ശർമയ്‌ക്ക് പുറമെ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്, ടേബിൾ ടെന്നിസ് താരം മണിക ബത്ര, റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ നേടിയ മാരിയപ്പൻ തങ്കവേലു എന്നിവരെയുമാണ് കായിക മന്ത്രാലയം നിയോഗിച്ച 12 അംഗ സെലക്ഷൻ കമ്മിറ്റി ഖേൽരത്നക്കായി ശുപാർശ ചെയ്‌തിട്ടുള്ളത്.
 
ഇത് രണ്ടാം തവണയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിനായി നാലുപേരെ ഒരുമിച്ച് ശുപാർശ ചെയ്യുന്നത്. 2016ൽ ബാഡ്മിന്റൻ താരം പി.വി. സിന്ധു, ജിംനാസ്റ്റ് ദീപ കർമാകർ, ഷൂട്ടിങ് താരം ജിത്തു റായ്, ഗുസ്തി താരം സാക്ഷി മാലിക് എന്നിവരെ ശുപാർശ ചെയ്യുകയും നാലുപേർക്കും പുരസ്‌കാരം നൽകുകയും ചെയ്‌തിരുന്നു.
 
സച്ചിൻ ടെൻഡുൽക്കർ(98) മഹേന്ദ്രസിംഗ് ധോണി(2007) വിരാട് കോലി(2018) എന്നീ ക്രിക്കറ്റ് താരങ്ങൾ മാത്രമാണ് ഇതിന് മുൻപ് ഖേൽരത്ന പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. 2018ൽ വിരാട് കോലിക്കും ഭാരദ്വോഹന താരം മീരാബായ് ചാനുവിനും ഖേൽരത്‌ന പുരസ്കാരം ലഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article