ഓടാന്‍ മടി; ശ്രീജേഷ് ഗോള്‍കീപ്പറാകാന്‍ കാരണം ഇതാണ്

Webdunia
വ്യാഴം, 5 ഓഗസ്റ്റ് 2021 (12:14 IST)
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ കേരളത്തിനത് ഇരട്ടി മധുരമാണ്. 49 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഒളിംപിക്‌സ് മെഡല്‍ കേരളത്തിലേക്ക് എത്തുന്നത്. ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷിലൂടെയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. ജെര്‍മനിക്കെതിരായ ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടത്തില്‍ ശ്രീജേഷ് അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ വന്‍മതിലാകുന്ന കാഴ്ചയാണ് കണ്ടത്. ജെര്‍മനിയുടെ ഗോള്‍ നേടാനുള്ള അവസരങ്ങളെ ശ്രീജേഷ് തട്ടിയകറ്റുകയായിരുന്നു. 5-4 ന് ഇന്ത്യ ജെര്‍മനിയെ തോല്‍പ്പിച്ചപ്പോള്‍ കായികപ്രേമികളുടെ മനസില്‍ കളിയിലെ താരമായിരിക്കുകയാണ് ശ്രീജേഷ്. 
 
ജി.വി. രാജയില്‍ പഠിക്കുമ്പോഴാണ് ശ്രീജേഷ് ഹോക്കിയിലേക്ക് എത്തുന്നത്. ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞാണ് ശ്രീജേഷ് അന്ന് ഹോക്കി കളിച്ചു തുടങ്ങുന്നത്. ഗ്രേസ് മാര്‍ക്ക് പോലുള്ള ഓഫറുകള്‍ വച്ചുനീട്ടിയാണ് ശ്രീജേഷിനെ ഹോക്കിയിലേക്ക് എത്തിച്ചതെന്ന് പരിശീലകന്‍ ജയകുമാര്‍ പറയുന്നു. 13 വയസ്സുള്ളപ്പോഴാണ് ശ്രീജേഷ് ജി വി രാജയില്‍ എത്തുന്നത്. സ്‌കൂള്‍ കാലത്ത് ശ്രീജേഷിന്റെ കഴിവുകള്‍ മനസിലാക്കിയിരുന്നു. എന്നാല്‍ പരിശീലനം തുടങ്ങിയ സമയത്ത് അദ്ദേഹം ഇത്രത്തോളം ഉയരത്തില്‍ എത്തുമെന്ന് കരുതിയില്ല. ഗോള്‍ കീപ്പറായി ചുമതലപ്പെടുത്തിയപ്പോള്‍ അത്ര ഓടേണ്ടല്ലോ എന്നതായിരുന്നു ശ്രീജേഷിന്റെ ആദ്യ പ്രതികരണമെന്നു പരിശീലകന്‍ ജയകുമാര്‍ പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ജയകുമാറിന്റെ പ്രതികരണം. 
 
എറണാകുളം സ്വദേശിയാണ് ശ്രീജേഷ്. ഏതാണ്ട് അരനൂറ്റാണ്ടിനു ശേഷമാണ് വീണ്ടുമൊരു ഒളിംപിക്സ് മെഡല്‍ കേരളത്തിലെത്തുന്നത്. 1972 മ്യൂണിക്ക് ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ ഒരു മലയാളി താരം ആ ടീമിലുണ്ടായിരുന്നു. കണ്ണൂര്‍ക്കാരന്‍ മാന്വല്‍ ഫ്രെഡ്രിക് ആയിരുന്നു വെങ്കല മെഡല്‍ നേടിയ ടീമിലെ മലയാളി താരം. പിന്നീട് 49 വര്‍ഷത്തിനുശേഷം ടോക്കിയോയില്‍ ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സ് വെങ്കല മെഡല്‍ നേടിയപ്പോള്‍ ആ ടീമില്‍ അംഗമാണ് മലയാളി താരമായ പി.ആര്‍.ശ്രീജേഷ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article