ടെന്നീസ് കോർട്ടിൽ രാജാവ്, കാണികൾക്ക് ശത്രു, ജോക്കോവിച്ചായി ജീവിക്കുക എളുപ്പ‌മല്ല

തിങ്കള്‍, 12 ജൂലൈ 2021 (14:23 IST)
ടെന്നീസിലെ ഇന്നത്തെ തലമുറയിലെ ഏറ്റവും മികച്ച താരമാര്? എതൊരു ടെന്നീസ് ആരാധകനോടും ഈ ചോദ്യം ചോദിച്ചാൽ ആദ്യം വരുന്ന രണ്ട് പേരുകൾ ഫെഡറർ, നദാൽ എന്നിവരുടേതാകും. ടെന്നീസ് ലോകം കഴിഞ്ഞ 20 വർഷത്തിലേറെയായി 3 പേരിലേക്ക് മാത്രം ചുരുക്കപ്പെട്ടെങ്കിലും ഇപ്പോഴും ആരാധകർക്കത് നദാലും ഫെഡററും തമ്മിലുള്ള പോരാട്ടത്തിന്റെയും സൗഹൃദത്തിന്റെയും കഥകളാണ്.
 
ടെന്നീസ് ലോകം 2000ത്തിന് ശേഷം ഫെഡറർ-നദാൽ പോരാട്ടം ആഘോഷിച്ചപ്പോൾ ജോക്കോവിച്ച് പലപ്പോഴും മൂന്നാമൻ മാത്രമായിരുന്നു. ലോകത്തിലെവിടെയും ഫെഡറർക്കും നദാലിനും കാണികളെ ലഭിച്ചപ്പോൾ ഈ രണ്ട് താരങ്ങളുടെയും ഫാൻസിന്റെ കണ്ണിലെ കരട് തന്നെയായിരുന്നു ജോക്കോവിച്ച്. ഒരു സമയത്ത് ടെന്നീസിലെ പ്രധാനചർച്ച ഫെഡററോ-നദാലോ മികച്ച താരം എന്നത് മാത്രമായിരുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്ക് ശേഷമുള്ള കണക്കെടുക്കുമ്പോൾ ഈ രണ്ട് താരങ്ങളേക്കാൾ മികച്ച നേട്ടമുണ്ടാക്കിയത് നൊവാക് ജോക്കോവിച്ച് ആണെന്ന് കാണാം.
 
എങ്കിലും ടെന്നീസ് ലോകം എക്കാലവും രണ്ട് തട്ടിൽ മാത്രം നിന്നു. ഫെഡററോ നദാലോ മികച്ച താരം. ഫെഡററും നദാലും മാത്രം അരങ്ങുവാണ ഭൂമികയിൽ ചെന്ന് പെട്ടത് മുതൽ ജോക്കോവിച്ച് കാണികൾക്ക് വെറുക്കപ്പെട്ടവനായിരുന്നു. ഫെഡറർ-നദാൽ എന്നീ ദ്വന്ദങ്ങളിൽ മാത്രം കാണികൾ അഭിനിവേശം കാണിച്ചു. സ്വാഭാവികമായും ഇത് ജോക്കോവിച്ചിനോടുള്ള വെറുപ്പായും പരിണമിച്ചു. ലോകത്ത് അയാൾ കളിച്ച വേദികളിലെല്ലാം ജോക്കോവിച്ചിന്റെ എതിരാളികൾക്കായി കാണികൾ ആർത്തു.
 
6 വർഷങ്ങൾക്കിപ്പുറം പരിക്കുകൾ വേട്ടയാടി നദാൽ കിതയ്ക്കുകയും പഴയ ഫോമിന്റെ മിന്നായങ്ങൾ മാത്രം കാട്ടി കൊണ്ട് ഫെഡറർ തന്നിലെ വസന്തം കഴിഞ്ഞെന്ന സൂചനകളും തരുമ്പോൾ ജോക്കോവിച്ച് ഇന്നും ടെന്നീസ് കോർട്ടുകളിൽ നേട്ടങ്ങൾ കൊയ്യുകയാണ്. ഫെഡറർക്കും നദാലിനുമൊപ്പം 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ. രണ്ട് താരങ്ങൾക്കുമെതിരെയുള്ള മുഖാമുഖ പോരാട്ടങ്ങളിൽ മുന്നിൽ. രണ്ട് തവണ ഡബിൽ കരിയർ സ്ലാം. ഒരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിൽ ഏറ്റവുമധികം കിരീടങ്ങളെന്ന നദാലിന്റെ നേട്ടത്തിനൊപ്പം.
 
ലോകത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ലോക ഒന്നാം നമ്പർ ടെന്നീസ് താരം എന്ന റെക്കോർഡ്. ഈ വർഷം ഇനി യുഎസ് ഓപ്പൺ കൂടി സ്വന്തമാക്കാനായാൽ ഫെഡററിനും നദാലിനും സ്വപ്‌നം മാത്രമായി അവശേഷിച്ച കലണ്ടർ സ്ലാം എന്ന നേട്ടത്തിലേക്കും ജോകോവിച്ച് ചവിട്ടി കയറും. ഈ വർഷം ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കുന്നതിനാൽ ഒരു സ്വർണമെഡൽ കൂടി നേടാനായാലോ ഗോൾഡൻ സ്ലാം എന്ന അപൂർവനേട്ടം.
 
ലോകത്തെങ്ങും തനിക്കെതിരെ നിന്ന എതിരാളികളെയും ഒപ്പം തനിക്കെതിരെ ആർത്ത‌ലയ്ക്കുന്ന കാണികളെയും തോൽപ്പിച്ച് കൊണ്ടാണ് ജോക്കോവിച്ച് ഈ നേട്ടങ്ങൾ അത്രയും കൊയ്‌തെടുത്തത് എന്നത് അമ്പരപ്പിക്കുന്നതാണ്. 20 ഗ്രാൻഡ്‌സ്ലാം 3 താരങ്ങളും തുല്യമായി പങ്കിടുമ്പോളും പ്രായത്തിൽ ജോക്കോവിച്ച് മറ്റ് രണ്ട് ഇതിഹാസങ്ങളേക്കാൾ ചെറുപ്പമാണ് എന്നത് അയാൾ ഇനിയും നേടാനിരിക്കുന്ന നേട്ടങ്ങൾ എത്രത്തോളമാണ് എന്നതിന്റെ സൂചനയാണ് തരുന്നത്.
 
20 ഗ്രാൻഡ്‌ സ്ലാമുകൾക്ക് ശേഷവും നിലവിലെ ഫോമിൽ 3 വർഷത്തോളം കളിക്കാനായാൽ ഒരുപക്ഷേ ടെന്നീസ് ചരിത്രത്തിൽ മറ്റൊരാൾക്കും എത്തിപ്പെടാനാവാത്ത നേട്ടങ്ങൾ കൊയ്യാൻ ജോക്കോവിച്ചിനാകും. ഫെഡററും നദാലും ഭരിച്ച ടെന്നീസ് കോർട്ടുകളിൽ ജോക്കോയ്‌ക്ക് ഇത്രയും നേടാമെങ്കിൽ 2 താരങ്ങളും തളർന്നതോടെ എതിരാളികളില്ലാത്ത കാട്ടിലാണ് ഇനി ജോക്കോവിച്ചിന്റെ വേട്ട. ലോകത്തെ എക്കാലത്തെയും മികച്ച ടെന്നീസ് താരമായി നിസ്സംശയം പറയാമെങ്കിലും അപ്പോഴും ആരാധക മനസ്സുകളിൽ ഫെഡറർക്കും നദാലിനും ശേഷമായിരിക്കും ജോക്കോയുടെ സ്ഥാ‌നം. ജോക്കോവിച്ച് ആയിരിക്കുക എന്നത് എളുപ്പമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍