ബിബിസിയുടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമണ്‍ പുരസ്‌കാരം മീരാ ഭായ് ചാനുവിന്

വ്യാഴം, 31 മാര്‍ച്ച് 2022 (11:39 IST)
ബിബിസിയുടെ 'ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍' (BBC ISWOTY) പുരസ്‌കാരം ഇന്ത്യയുടെ അഭിമാന താരവും വെയ്റ്റ് ലിഫ്റ്ററുമായ മീരാ ഭായ് ചാനുവിന്. BBC ISWOTY യുടെ മൂന്നാം പതിപ്പിലാണ് മീരാ ഭായ് ചാനുവിന്റെ സ്വപ്‌നനേട്ടം. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ താരമാണ് മീരാ ഭായ്. ഈ പ്രകടനം കണക്കിലെടുത്താണ് ബിബിസിയുടെ പുരസ്‌കാരം. 
 
പുരസ്‌കാര നേട്ടത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മീരാ ഭായ് ചാനു പ്രതികരിച്ചു. ' ഞാന്‍ ഇപ്പോള്‍ അമേരിക്കയില്‍ പരിശീലനത്തിലാണ്. ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ മെഡല്‍ നേടാന്‍ എന്റെ പരമാവധി ഞാന്‍ പരിശ്രമിക്കും. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്ത ബിബിസി ഇന്ത്യയ്ക്ക് ഞാന്‍ ഒരിക്കല്‍കൂടി നന്ദി പറയുന്നു.' മീരാ ഭായ് ചാനു പ്രതികരിച്ചു. 
 
മീരാ ഭായ് ചാനുവിന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായും ഈ പുരസ്‌കാരത്തിന് അവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും അര്‍ഹതയുണ്ടെന്നും ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പറഞ്ഞു. 
 
ബിബിസിയുടെ തന്നെ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം ഇന്ത്യന്‍ വനിത ടീമിലെ യുവതാരം ഷഫാലി വര്‍മ്മയ്ക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ഒളിംപിക്‌സ് മെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും നല്‍കി. ടോക്കിയോ ഒളിംപിക്‌സിലെ വിജയികളെ പുരസ്‌കാരദാന ചടങ്ങിനിടെ ബിബിസി ഇന്ത്യ അനുമോദിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍