അവഗണനയില്‍ ജ്വലിച്ച് ജ്വാല ഗുട്ട

Webdunia
ചൊവ്വ, 5 ഓഗസ്റ്റ് 2014 (12:17 IST)
സാമ്പത്തിക ഭദ്രതയും വേണ്ടത്ര പിന്തുണയുമില്ലാതെ യുവതാരങ്ങള്‍ ഡബിള്‍സിലേക്കു കടന്നുവരില്ലെന്നു പറഞ്ഞ് ബാഡ്മിന്റന്‍ ഡബിള്‍സിന് ഇന്ത്യയില്‍ നേരിടുന്ന അവഗണനയ്ക്കെതിരെ ജ്വാല ഗുട്ട രംഗത്ത്.

കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ ഡബിള്‍സില്‍ വെള്ളിനേടിയതിനു തൊട്ടുപിന്നാലെയാണ് ജ്വാല ഗുട്ട അവഗണനയിലുള്ള തന്റെ അമര്‍ഷം പ്രകടിപ്പിച്ചത്. വലിയ കിരീടങ്ങള്‍ നേടി ഞങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ എയര്‍പോര്‍ട്ട് ശൂന്യമായിരിക്കും. എന്നാല്‍ കാര്യമായ നേട്ടമൊന്നുമില്ലാതെ സിംഗിള്‍സ് താരം എത്തിയാല്‍ സ്വീകരിക്കാന്‍ ഒട്ടേറെപ്പേര്‍ ഉണ്ടാകുമെന്നും ഗുട്ട പരിതപിക്കുന്നു.

ഇന്ത്യയ്ക്ക് ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത നേട്ടങ്ങള്‍ ഞങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഞങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന ആഗ്രഹമല്ലാതെ ഒന്നും ചോദിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഈ നേട്ടങ്ങള്‍ക്കൊന്നും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ല.
 ഇങ്ങനെയാണെങ്കില്‍ യുവ താരങ്ങള്‍ ഈ രംഗത്തേക്ക് കടന്നുവരില്ലെന്നും ജ്വാല പറഞ്ഞു.

രാജ്യാന്തര രംഗത്ത് സിംഗിള്‍സ് താരങ്ങളും ഡബിള്‍സ് താരങ്ങളും തമ്മിലുള്ള അന്തരം ഭീകരമാണ്. അവര്‍ക്കു 10 ഡോളര്‍ ലഭിക്കുമ്പോള്‍ ഡബിള്‍സ് താരങ്ങള്‍ക്ക് രണ്ടു ഡോളര്‍ മാത്രം. ഇന്ത്യയിലാണെങ്കില്‍ ഒന്നും ലഭിക്കില്ല എന്നും ഗുട്ട പരിതപിച്ചു.