ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് വിരമിക്കുന്നു

അഭിറാം മനോഹർ

വ്യാഴം, 26 ഡിസം‌ബര്‍ 2019 (09:09 IST)
ഇന്ത്യൻ ടെന്നീസ് ഇതിഹാസവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ലിയാണ്ടർ പേസ് അന്താരാഷ്ട്ര ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിസ്തുമസ് ആശംസകളറിയിച്ചുകൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്ഥാവനയിലാണ് 2020ൽ ടെന്നീസ് കരിയറിനോട് വിട പറയുമെന്ന തീരുമാനം പേസ് പ്രഖ്യാപിച്ചത്. ഇതോടെ 46 കാരനായ ഇന്ത്യൻ ടെന്നീസ് ഇതിഹാസത്തിന്റെ 29 വർഷത്തെ കരിയറിനാണ് തിരശീല വീഴുന്നത്.
 
"2020ൽ തെരഞ്ഞെടുത്ത ചുരുക്കം മത്സരങ്ങൾ മാത്രമെ താൻ കളിക്കുകയുള്ളു. ടീമിനൊപ്പം യാത്ര ചെയ്യും ലോകത്തെ എല്ലാ സുഹ്രുത്തുക്കൾക്കും ആരാധകർക്കുമൊപ്പം 2020 ആഘോഷിക്കും" വൺ ലാസ്റ്റ് റോൾ എന്ന ടാഗിൽ ഇക്കാലമത്രയുമുള്ള ഓർമകൾ പങ്കുവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ സമയത്തും തന്റെ കൂടെ നിന്ന് പിന്തുണയും പ്രചോദനവും നൽകിയ മാതാപിതാക്കൾ സഹോദരിമാർ മകൾ അയാന എന്നിവർക്കും പേസ് നന്ദി അറിയിച്ചു.
 
1973ൽ പശ്ചിമബംഗാളിൽ ജനിച്ച പേസ് എട്ട് തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും, 10 തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാമും നേടിയിട്ടുണ്ട്. ഒളിമ്പിക്സ് മെഡലുൾപ്പടെയുള്ള നേട്ടങ്ങൾക്കായി രാജീവ് ഗാന്ധി ഖേൽരത്ന,അർജുന,പത്മശ്രീ,പത്മഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം പെസിനെ ആദരിച്ചിട്ടുണ്ട്.
 
ഇന്ത്യയുടെ മുൻ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതൽ ഡെവിസ് കപ്പ് വിജയങ്ങൾ എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍