'വിരമിക്കൽ തീരുമാനം' ജനുവരി കഴിയട്ടെയെന്ന് ധോണി

അഭിറാം മനോഹർ

വ്യാഴം, 28 നവം‌ബര്‍ 2019 (10:55 IST)
ഇന്ത്യൻ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കലിനെ പറ്റി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഇക്കാര്യത്തിൽ ചെറുതായി മനസ്സ് തുറന്നിരിക്കുകയാണ് ആരാധകരുടെ സ്വന്തം തല. വിരമിക്കലിനെ പറ്റി ഉയർന്ന് വരുന്ന ചോദ്യങ്ങൾക്ക് ജനുവരിക്ക് ശേഷമേ മറുപടി നൽകുകയുള്ളു എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. 
 
ഇതോടെ ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള കാര്യത്തിൽ എന്തായാലും അടുത്ത വർഷം നടക്കാനിരിക്കുന്ന ഐ പി എൽ കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും എന്ന കാര്യത്തിൽ വ്യക്തമായിരിക്കുകയാണ്. ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് ധോണിക്ക് നേരെ ചോദ്യം ഉയർന്നത്. വിരമിക്കലിനെ പറ്റി ജനുവരി വരെയും ചോദ്യങ്ങൾ ചോദിക്കരുതെന്നായിരുന്നു ധോണിയുടെ മറുപടി. 
 
ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ പോരാട്ടത്തിലെ തോൽവിക്ക് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി മത്സരിക്കാനിറങ്ങിയിട്ടില്ല. വെസ്റ്റിൻഡീസ് പരമ്പരയിൽ സൈനിക സേവനത്തിനായി വിട്ടു നിന്ന ധോണി അതിന് ശേഷം ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും നടന്ന പരമ്പരകളിലും കളിച്ചിരുന്നില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍