തല രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു,കളിക്കുന്നത് പക്ഷേ ഇന്ത്യക്കായല്ല!!

അഭിറാം മനോഹർ

ചൊവ്വ, 26 നവം‌ബര്‍ 2019 (11:07 IST)
ഒരിടവേളക്ക് ശേഷം മുൻ ഇന്ത്യൻ നായകനായ മഹേന്ദ്രസിങ് ധോണി കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എന്നാൽ ഇന്ത്യക്ക് വേണ്ടിയോ തന്റെ ഐ പി എൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയോ ആകില്ല താരം ആദ്യം മത്സരിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  അടുത്ത വർഷം മാർച്ചിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുൻകൈ എടുത്ത് നടത്തുന്ന ഏഷ്യൻ ഇലവനും ലോക ഇലവനും തമ്മിൽ കളിക്കുന്ന ടി20 ടൂർണമെന്റിൽ ആയിരിക്കും മഹേന്ദ്രസിങ് ധോണി കളിക്കാനിങ്ങുക.
 
2020 മാർച്ച് 18,21 തിയതികളിൽ ബംഗ്ലാദേശിലെ ധാക്കയിലാണ് ഏഷ്യൻ ഇലവനും ലോക ഇലവനും തമ്മിലുള്ള മത്സരം സംഘടിപ്പിക്കുക. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇതിനെ സംബന്ധിച്ച് ബി സി സി ഐയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. ബി സി സി ഐ അനുവാദം നൽകുകയാണെങ്കിൽ ഏഷ്യൻ ഇലവൻ ജേഴ്സിയിൽ ധോണിയെ കളിക്കളത്തിൽ കാണാൻ സാധിക്കും. ധോണിയെ കൂടാതെ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ,വിരാട് കോലി,ജസ്പ്രീത് ബൂമ്ര, ജഡേജ തുടങ്ങിയവർക്കും മത്സരത്തിൽ കളിക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.
 
ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് സിങ് ധോണി ഇതിന് മുൻപും ഏഷ്യൻ ഇലവന് വേണ്ടി കളിക്കാനിറങ്ങിയിട്ടുണ്ട്. 2007ൽ ഏഷ്യൻ ഇലവനും ആഫ്രിക്കൻ ഇലവനും തമ്മിലുള്ള ഏകദിനപരമ്പരയിലായിരുന്നു ഇത്. 3 മത്സരങ്ങളടങ്ങിയ പരമ്പര ഏഷ്യൻ ഇലവൻ തൂത്തുവാരിയിരുന്നു. മൂന്നാം ഏകദിനത്തിൽ 97 പന്തിൽ 139 റൺസുകൾ നേടി ധോണി ഏഷ്യൻ ഇലവന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍