മൂന്നാം ഏകദിനത്തില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിച്ച അദ്ദേഹം 41 പന്തില്‍ 72 റണ്‍സെടുത്ത് പുറത്തായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചതോടെ അവസാന മത്സരമാകും ഇതെന്ന് ആരാധകരും കരുതി. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് വിരമിക്കലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് യൂനിവേഴ്‌സല്‍ ബോസ്.
ഇന്നിങ്‌സിനു ശേഷം ഗെയ്‌ലിനെ ഇന്ത്യന്‍ താരങ്ങളെല്ലാം അഭിനന്ദിക്കുകയും ചെയ്തിരുന്നു. പുറത്തായി മടങ്ങുമ്പോള്‍ സ്റ്റേഡിയത്തിലെ കാണികള്‍ ആര്‍പ്പുവിളികളോടെയാണ് യാത്രയാക്കിയത്. ഇതോടെ ഗെയിൽ വിരമിക്കുകയാണെന്ന് ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. എന്നാൽ, ഈ മുൻവിധികളെയാണ് ഗെയിൽ ഇപ്പോൾ തള്ളിയിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുമെന്നായിരുന്നു ഗെയ്ല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിനിടെ അദ്ദേഹം ഈ തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയായിരിക്കും കരിയറിലെ അവസാനത്തേതെന്നു ഗെയ്ല്‍ അറിയിക്കുകയും ചെയ്തു.