സര്‍ജിക്കല്‍ സ്ട്രൈക്കും നവ ഇന്ത്യയും ഒരു സിനിമയും

ബുധന്‍, 14 ഓഗസ്റ്റ് 2019 (19:47 IST)
രാജ്യം എഴുപത്തിമൂന്നാം സ്വാതന്ത്ര്യപ്പുലരിയിലേക്ക് ചുവടുവയ്ക്കുമ്പോള്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ അഭിമാനിക്കാവുന്ന ഒട്ടേറെ മുന്നേറ്റങ്ങള്‍ നടത്തി കരുത്ത് തെളിയിച്ച ഒരു ‘നവ ഇന്ത്യ’യെയാണ് നമുക്ക് കാണാനാകുന്നത്. അതിലെ പ്രധാനമായ ഒരു മുന്നേറ്റമായിരുന്നു പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈനികര്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’. ഉറി ആക്രമണത്തിനുള്ള ഇന്ത്യയുടെ ഈ പ്രതികാരം ആദിത്യ ധര്‍ എന്ന പുതുമുഖ സംവിധായകന്‍ സിനിമയാക്കി മാറ്റിയപ്പോള്‍ അത് ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ക്കലായി.
 
‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന സിനിമയിലൂടെ ആദിത്യ ധര്‍ മികച്ച സംവിധായകനും നായകന്‍ വിക്കി കൌശല്‍ മികച്ച നടനുമുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കി. 2016ലെ ഉറി അറ്റാക്കിനെയും തുടര്‍ന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്കിനെയും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയായിരുന്നു ഈ ചിത്രത്തില്‍. 25 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ 342 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. 
 
ഒരു പാകിസ്ഥാന്‍ താരം നായകനാകുന്ന സിനിമയുടെ ഒരുക്കങ്ങളിലായിരുന്നു ആദിത്യ ധര്‍. ആ സമയത്താണ് ഉറി ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും ഉണ്ടാകുന്നത്. അതോടെ പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ വിലക്കുണ്ടായി. അപ്പോഴാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ഉള്ളറകള്‍ അറിയാനും അതേപ്പറ്റി കൂടുതല്‍ പഠിക്കാനും ആദിത്യ ധര്‍ തയ്യാറായത്. അതില്‍ സിനിമയ്ക്കുള്ള സാധ്യത കണ്ടെത്തിയ ആദിത്യ 12 ദിവസം കൊണ്ട് സിനിമയുടെ തിരക്കഥ തയ്യാറാക്കി. ഉടന്‍ തന്നെ നിര്‍മ്മാതാവ് റോണി സ്ക്രൂവാലയുമായി ബന്ധപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് പലരും സിനിമ ആലോചിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് സിനിമ സാധ്യമാക്കാനായി ആദിത്യ ധറും ടീമും ഒരു വലിയ യത്നം തന്നെ നടത്തി.
 
ചിത്രത്തില്‍ നരേന്ദ്രമോദിയെ അനുസ്മരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ വേഷത്തില്‍ രജത് കപൂര്‍ എത്തി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം ഗോവിന്ദ് ഭരദ്വാജായി പരേഷ് റാവല്‍ അഭിനയിച്ചു.
 
സിനിമ കാണുന്നവരിലേക്കെല്ലാം സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന മഹാസംഭവത്തിന്‍റെ ആവേശം നിറയ്ക്കുന്ന രീതിയിലുള്ള മേക്കിംഗാണ് ആദിത്യ ധര്‍ ഈ ചിത്രത്തിനായി ഒരുക്കിയത്. ‘ഹൌ ഈസ് ദി ജോഷ്?’ എന്ന പഞ്ച് ലൈന്‍ രാജ്യമാകെ തരംഗമായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍