ഇന്ത്യൻ ഫുട്ബോളിന് പുതുയുഗം; ഐഎസ്എല്ലിന് ഇന്ന് ആദ്യ വിസില്‍

Webdunia
ഞായര്‍, 12 ഒക്‌ടോബര്‍ 2014 (14:08 IST)
ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിന് ഇന്ന് തുടക്കമാകും. അഞ്ചുമണി മുതല്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങ് നടക്കും. തുടര്‍ന്ന് വൈകിട്ട് ഏഴിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരത്തിന് വിസില്‍ മുഴങ്ങുന്നതോടെയാണ് ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിന് തിരിതെളിയുന്നത്. എട്ട് ടീമുകളാണ് ഡിസംബർ വരെ നീളുന്ന പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്തുരുട്ടാൻ ഇറങ്ങുന്നത്.

ഹിന്ദി സിനിമയിലെയും ക്രിക്കറ്റിലെയും സൂപ്പര്‍ താരങ്ങളുടെ ഒരു പടതന്നെ എത്തുന്നുണ്ട്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, പ്രിയങ്ക ചോപ്ര, വരുണ്‍ ധവാന്‍, വിവിധ ടീമുകളുടെ സഹ ഉടമകളായ ജോണ്‍ എബ്രഹാം, രണ്‍ബീര്‍ കപൂര്‍, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരും ചടങ്ങ് കൊഴുപ്പിക്കും.

കേരള ബ്ളാസ്റ്റേഴ്സ് , അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, ചെന്നൈയിൻ എഫ്സി , ഡൽഹി ഡൈനാമോസ്, എഫ്സി ഗോവ, പൂനെ എഫ്സി, മുംബയ് സിറ്റി എഫ്സി , നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളാണ് ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാളില്‍ പന്ത് തട്ടാനൊരുങ്ങുന്നത്. തിരക്കിട്ട മത്സര ഷെഡ്യൂളാണ് ഐഎസ്എല്ലിന്റെത്. എഴുപത് ദിവസങ്ങള്‍ കൊണ്ട് 61 കളികള്‍ തീരണം. മത്സരങ്ങള്‍ നിയന്ത്രിക്കാനായി 24 റഫറിമാരുണ്ടാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.