ലോക ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ശെയ്‌ലി സിങ്, അഭിമാനനേട്ടത്തിന് പിന്നിൽ അഞ്ജു ബോബി ജോർജ്

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (13:34 IST)
കെനിയയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ശെയ്‌ലി സിങിനു ലോങ്ജംപില്‍ വെള്ളി മെഡല്‍. കരിയർ ബെസ്റ്റായ 6.59 ചാടിയാണ് ശെയ്‌ലി രണ്ടാമതെത്തിയത്. മുൻ ഇതിഹാസ താരമായ അഞ്ജു ബോബി ജോർജിന്റെ ശിഷ്യ കൂടിയാണ് ഈ പതിനേഴുകാരി. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യൻ നിര ചാമ്പ്യൻഷിപ്പിൽ കാഴ്‌ച്ചവെച്ചിരിക്കുന്നത്.
 
ലോങ്ജംപ് ഫൈനലില്‍ ഒരു സെന്റി മീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് ശെയ്‌ലിക്കു സ്വര്‍ണം നഷ്ടമായത്.ജൂനിയര്‍ യൂറോപ്യന്‍ ചാംപ്യനായ സ്വീഡിഷ് താരം മജാ അസ്‌കാഗിനാണ് സ്വർണം.മത്സരത്തിൽ ആദ്യ മൂന്ന് ചാട്ടങ്ങൾ പിന്നിടുമ്പോൾ ശെയ്‌ലിയായിരുന്നു ഒന്നാമത്. പക്ഷെ നാലാം ശ്രമത്തില്‍ സ്വീഡിഷ് താരം ഒരു സെന്റി മീറ്റര്‍ മെച്ചപ്പെടുത്തി മുന്നില്‍ കയറുകയായിരുന്നു. ശെയ്‌ലിയുടെ നാലും അഞ്ചും ശ്രമങ്ങള്‍ ഫൗളില്‍ കലാശിച്ചതോടെ നേട്ടം വെള്ളി മെഡലിൽ ഒതുങ്ങുകയായിരുന്നു.
 
ബാംഗ്ലൂരിലെ അഞ്ജു ബോബി ജോർജിന്റെ അക്കാദമിയിൽ പരിശീലനം നടത്തുന്ന ശെയ്‌ലിയുടെ കോച്ച് അഞ്ജുവിന്റെ ഭര്‍ത്താവ് കൂടിയായ ബോബി ജോര്‍ജാണ്. നേരത്തേ ദേശീയ സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാന്‍ ശെയ്‌ലിക്കായിരുന്നു.നിലവില്‍ അണ്ടര്‍ 18 വിഭാഗത്തില്‍ ലോക റാങ്കിങിലെ രണ്ടാംസ്ഥാനക്കാരിയാണ് ശെയ്‌ലി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍