ഇന്ത്യ പവര്‍ഫുള്ളല്ല, ഇറാന്‍ സിം‌പിളുമല്ല

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (09:42 IST)
ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനുള്ള യോഗ്യതയ്ക്കായി ഇന്ന് ഇറാനും ഇന്ത്യയും എറ്റുമുട്ടും. ലോക റാങ്കിംഗില്‍ നാല്പതാം സ്ഥാനത്താണ് ഇറാന്‍. ഇന്ത്യയാകട്ടെ ആദ്യ നൂറില്‍ പോലുമില്ല. എങ്കിലും ഈ മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍, ഇന്ത്യയും ഇറാനും മുഖാമുഖം വരും. ഇതിനകം അത് ദാവീദ്-ഗോലിയാത്ത് പോരാട്ടമായി പേരെടുത്ത് കഴിഞ്ഞു.

ഇറാനെതിരെ സമനിലപോലും അതിമോഹമാണെന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം എത്രയെന്ന് അളക്കാനുള്ള വേദി കൂടിയാണിത്. നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്മു‍ എന്നീ രാജ്യങ്ങള്‍ക്ക് എതിരെ കഷ്‌ടിച്ച് ജയിച്ചും സമനില പിടിച്ചും മടുത്ത ടീം ഇറാനെതിരെയും പരീക്ഷിക്കപ്പെടും.

ഫലം എന്തായാലും ഇറാനെതിരായ മത്സരം ഒരു പാഠപുസ്തകമായി ഇന്ത്യന്‍ ഫുട്‌ബോളിന് മുന്നിലുണ്ടാകും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനും ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.  

ലോകകപ്പ് യോഗ്യതാറൗണ്ട് ഏഷ്യന്‍ മേഖല രണ്ടാം ഘട്ടത്തിലെ ഗ്രൂപ്പ് 'ഡി' മത്സരമാണിത്. ഇരു ടീമുകളുടെയും മൂന്നാം മത്സരം. ഇന്ത്യ നാട്ടില്‍ ഒമാനോടും (2-1) വിദേശത്ത് ഗുവാമിനോടും (2-1) തോറ്റു. വിദേശത്ത് തുര്‍ക്ക്‌മെനിസ്താനോട് സമനില (1-1) പിണഞ്ഞ ഇറാന്‍ നാട്ടില്‍ ഗുവാമിനെ (6-0) തകര്‍ത്തു. ഗ്രൂപ്പില്‍ ഇറാന്‍ മൂന്നാമത് നില്‍ക്കുമ്പോള്‍, ഇന്ത്യ ഒടുവിലാണ്. ഈ മത്സരവും കൈവിട്ടാല്‍, യോഗ്യതാറൗണ്ടില്‍ ഇന്ത്യയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കും.

ഇന്ത്യയും ഇറാനും ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നേര്‍ക്കുനേരെ വരുന്നത് ഏഴാം തവണ. ഒരിക്കല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. 1951-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന പ്രഥമ ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലിലാണ് ഇന്ത്യ ഇറാനെ 1-0 ന് തോല്‍പിച്ചത്. പിന്നീട് 1959 ഏഷ്യന്‍ കപ്പിലും (2-1) 1966 ഏഷ്യന്‍ ഗെയിംസില്‍ രണ്ടുവട്ടവും (രണ്ടുമത്സരങ്ങളിലും 4-1) ഇന്ത്യയെ ഇറാന്‍ തോല്‍പിച്ചു. 1984-ലെ ഏഷ്യന്‍ കപ്പില്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചപ്പോള്‍ 1992-ല്‍ ഏഷ്യന്‍ കപ്പില്‍ ഇറാന്‍ ഇന്ത്യയെ 3-0ന് പരാജയപ്പെടുത്തി.