പിവി സിന്ധു കാരണമാണോ സൈന നേവാള്‍ ഗോപിചന്ദ് അക്കാദമി വിട്ടുപോയത് ? അതിനുള്ള മറുപടി സിന്ധു തന്നെ പറഞ്ഞു

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2016 (14:27 IST)
ലണ്ടന്‍ ഒളിംപിക്സില്‍ ബാഡ്‌മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലമെഡല്‍ നേടിയ സൈന നേവാള്‍ കൃത്യം രണ്ടു വര്‍ഷത്തിനു ശേഷം 2014ലാണ് പുല്ലേല ഗോപിചന്ദിന്റെ ബാഡ്‌മിന്റണ്‍ അക്കാദമി വിട്ടുപോയത്. കായികലോകം, അമ്പരപ്പോടെയും ഞെട്ടലോടെയുമായിരുന്നു ആ വാര്‍ത്ത കേട്ടത്. ഗോപിചന്ദ് അക്കാദമി വിട്ടശേഷം ബംഗളൂരുവില്‍ വിമല്‍ കുമാറിന്റെ കീഴിലായി സൈനയുടെ പരിശീലനം. 
 
സൈന എന്തിനാണ് ഗോപിചന്ദ് അക്കാദമി വിട്ടതെന്ന് കായികലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ആവശ്യത്തിന് ശ്രദ്ധ സൈനയ്ക്ക് നല്കാത്തതാണ് താരം വേറെ കോച്ചിനെ തേടി പോകാന്‍ കാരണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും വിലയിരുത്തല്‍. ആകാംക്ഷ അടക്കാന്‍ വയ്യാതെ പി വി സിന്ധുവിനോട് തന്നെ ചോദിച്ചു.
 
എന്നാല്‍, സൈന അക്കാദമി വിട്ടതിന് പിന്നില്‍ താന്‍ ഒരു കാരണമാണെന്ന് കരുതുന്നില്ലെന്ന് ആയിരുന്നു സിന്ധുവിന്റെ മറുപടി. അവര്‍ക്ക് എന്താണോ വേണ്ടത് അത് അവര്‍ ചെയ്തു. അവര്‍ക്ക് വേറെ എവിടേക്കോ പോകണമായിരുന്നു, അതിനാല്‍ അവര്‍ അക്കാദമി വിട്ടു.
 
ബാഡ്‌മിന്റണില്‍ ഒളിംപിക്സ് വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി വി സിന്ധു. എന്നാല്‍, അക്കാദമിയില്‍ എല്ലാവര്‍ക്കും ഗോപിചന്ദ് ഒരുപോലെയാണ് പരിശീലനം നല്കുന്നതെന്ന് സിന്ധു വ്യക്തമാക്കുന്നു.
 
“എല്ലാ കളിക്കാര്‍ക്കും അദ്ദേഹം പരിശീലനം നല്കുന്നത് ഒരുപോലെയാണ്. സൈന അക്കാദമി വിടുന്ന സമയത്ത് ഞാന്‍ വളരെ ജൂനിയര്‍ ആയിരുന്നു. ആ സമയത്ത്, രാവിലെ അദ്ദേഹം ആദ്യം പരിശീലനം നല്കുന്നത് സൈന നേവാളിന് ആയിരുന്നു. ഓരോ കളിക്കാര്‍ക്കും തുല്യമായ പരിഗണന ആയിരുന്നു ഗോപിസര്‍ നല്കിയിരുന്നത്” - സിന്ധു വ്യക്തമാക്കി.
 
ഗോപിചന്ദ് അക്കാദമി വിട്ടതിനു ശേഷം 2015ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സൈന വെള്ളി നേടിയിരുന്നു. സ്പെയിനിന്റെ കരോലിന മാരിന്‍ ആയിരുന്നു അന്ന് ഫൈനലില്‍ വിജയിച്ചത്.
Next Article