ബ്രിക്സ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റ് ഇന്ത്യയില്‍ വിരുന്നെത്തുന്നു

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (08:41 IST)
ബ്രിക്സ് രാജ്യങ്ങളുടെ സൌഹൃദകൂട്ടായ്മ ഊട്ടി ഉറപ്പിക്കുന്നതിനായി ആവിഷ്കരിക്കപ്പെട്ട ബ്രിക്സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നു. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായി അടുത്ത വർഷം ഏപ്രിലിലാണ് ബ്രിക്സ് ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുക. ബ്രിക്സ് രാജ്യങ്ങളുടെ അണ്ടർ 17 ഫുട്ബോൾ ടീമുകള്‍ക്ക് പുറമെ ഐഎസ്എൽ ടീമായ ഡൽഹി ഡൈനാമോസിന്റെ ജൂനിയർ ടീമും ടൂര്‍ണമെന്റില്‍  പങ്കെടുക്കും.

കഴിഞ്ഞ വർഷം ഉഫയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉച്ചകോടിക്കു സമാന്തരമായി ഫുട്ബോൾ ടൂർണമെന്റ് എന്ന ആശയം മുന്നോട്ടുവച്ചത്. ഇതിനെ മറ്റു അംഗരാജ്യങ്ങൾ സ്വാഗതം ചെയ്തു. അടുത്ത ഏപ്രിലില്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കു സമാന്തരമായി  ടൂർണമെന്റ് ഡൽഹിയിൽ നടക്കും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലുള്ളത്.

ടൂർണമെന്റ് കരാർ ഒപ്പിടൽ ചടങ്ങിൽ ഡൽഹി ഡൈനാമോസിന്റെ ഐക്കൺ താരം റോബർട്ടോ കാർലോസ്, ഇന്ത്യയിലെ ബ്രസീൽ അംബാസഡർ തോവർ ഡാ സിൽവാ ന്യൂൺസ് എന്നിവർ പങ്കെടുത്തു. മേക്ക് ഇൻ ഇന്ത്യാ പദ്ധതിയെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിൽ നിർമിക്കുന്ന പന്തുകളായിരിക്കും ടൂർണമെന്റിൽ ഉപയോഗിക്കുക. പന്തുകൾ നിവിയ രൂപകൽപന ചെയ്യും. ബ്രിക്‌സ് ഉച്ചകോടിക്ക് സമാന്തരമായി എല്ലാ വർഷവും ടൂർണമെന്റ് നടത്താനാണ് ആലോചന.