സ്വർണത്തിന് പിന്നാലെ വെങ്കല നേട്ടം: പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ യശ്ശസുയർത്തി അവനി ലേഖറ

Webdunia
വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (14:10 IST)
പാരാലിമ്പിക്‌സിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്‌എച്ച് 1 വിഭാഗത്തിൽ വെങ്കല മെഡൽ നേട്ടം സ്വന്തമാക്കി അവനി ലേഖറ. വെങ്കല മെഡൽ നേട്ടത്തോടെ ഗെയിംസ് ചരിത്രത്തിലാദ്യമായി രണ്ട് മെഡൽ നേടുന്ന ഇന്ത്യൻ വനിതാകായികതാരമെന്ന നേട്ടവും അവനി സ്വന്തമാക്കി. നേരത്തെ 100 മീറ്റർ എയർ റൈഫിളിൽ 19കാരിയായ അവനി സ്വർണമെഡൽ സ്വന്തമാക്കിയിരുന്നു.
 
പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി സ്വര്‍ണം നേടുന്ന വനിതാതാരം എന്ന റെക്കോഡ് ഗെയിംസിന്റെ ആദ്യദിനങ്ങളിൽ തന്നെ അവനി സ്വന്തമാക്കിയിരുന്നു. പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അവനി. മുരളീകാന്ത് പെട്കര്‍ (1972), ദേവേന്ദ്ര ജജാരിയ (2004, 2016) മാരിയപ്പന്‍ തങ്കവേലു(2016) എന്നിവരാണ് അവനിയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
 
രണ്ട് മെഡലുകൾ ഗെയിംസിൽ സ്വന്തമാക്കിയ അവനിയ്ക്ക് ഇനി ഒരു ഇവന്റ് കൂടി ബാക്കിയുണ്ട്. അതിലും മെഡല്‍ നേടി ഹാട്രിക്ക് മെഡല്‍ നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article