ഐപിഎല്ലില്‍ മുംബൈയ്ക്കായി അഞ്ച് കിരീടങ്ങള്‍ നേടികൊടുത്ത നായകനാണെങ്കിലും കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളില്‍ ബാറ്ററെന്ന നിലയില്‍ ശരാശരി പ്രകടനം മാത്രമാണ് രോഹിത് ശര്‍മ പുറത്തെടുത്തിരുന്നത്. ഈ ഐപിഎല്ലിലെ ആദ്യ കളികളിലെ രോഹിത്തിന്റെ പ്രകടനവും വ്യത്യസ്തമായിരുന്നില്ല. തുടക്കത്തിലെ റണ്‍സ് കണ്ടെത്താനുള്ള രോഹിത്തിന്റെ ശ്രമത്തില്‍ പലപ്പോഴും ചെറിയ സ്‌കോറുകള്‍ക്കാണ് താരം പുറത്തായത്. എന്നാല്‍ ചെന്നൈയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ 45 പന്തില്‍ 76 റണ്‍സുമായി താരം തിളങ്ങിയിരുന്നു. പ്രകടനത്തിന് പിന്നാലെ തന്റെ ഇന്നിങ്ങ്‌സിനെ പറ്റി താരം പ്രതികരിച്ചു.
കഠിനാദ്ധ്വാനത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കണം. എന്നെ സഹായിച്ചത് അതാണ്. ബാറ്റിങ്ങില്‍ ചെറിയതും ലളിതവുമായ ചില മാറ്റങ്ങള്‍ വരുത്തി. അത് ഫലപ്രദമായി വന്നു. ഞാന്‍ അമിതമായി പന്തിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് നിര്‍ത്തി. എന്റെ പരിധിയിലാണ് പന്തെങ്കില്‍ അതിനെ പിന്തുടരും എന്ന് വിചാരിച്ചു. ക്രിക്കറ്റില്‍ മൈന്‍ഡ് സെറ്റ് പ്രധാനമാണ്. ആദ്യമത്സരങ്ങളില്‍ വലിയ സ്‌കോറുകള്‍ നേടാനായിരുന്നില്ലെങ്കിലും ആത്മവിശ്വാസത്തില്‍ ഒരു കുറവും സംഭവിച്ചിരുന്നില്ല. രോഹിത് ശര്‍മ പറഞ്ഞു.