മെല്‍‌ബണില്‍ ഫെഡറര്‍ വീണു; ജോക്കോവിച്ച് ഫൈനലില്‍

Webdunia
വ്യാഴം, 28 ജനുവരി 2016 (17:19 IST)
മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററെ തകര്‍ത്ത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഫൈനലില്‍ കടന്നു. ഫൈനലിനു തുല്യമായ സെമി ഫൈനൽ മത്സത്തിൽ 6-1, 6-2, 3-6, 6-3 എന്ന സ്കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. സീസണിലെ ജോക്കോവിച്ചിന്റെ ആദ്യ ഗ്രാന്റ് സ്ളാം ഫൈനലിലേക്കുള്ള ടിക്കറ്റാണ് അദ്ദേഹം നേടിയത്.

ആദ്യ രണ്ടു സെറ്റുകളില്‍ ഫെഡററെ നിഷ്പ്രഭനാക്കിയ ജോക്കോവിച്ച് മൂന്നാം സെറ്റില്‍ മാത്രമാണ് നിറം മങ്ങിയത്. ആദ്യ രണ്ടു സെറ്റുകളിലുമായി മൂന്ന് ഗെയിമുകള്‍ മാത്രമാണ് ഫെഡറര്‍ നേടിയത്. മൂന്നാം സെറ്റ് നഷ്ടപ്പെട്ടെങ്കിലും താളം വീണ്ടെടുത്ത ജോക്കോവിച്ച് നാലാം സെറ്റ് 6-3ന് സ്വന്തമാക്കി മത്സരം വിജയിക്കുകയായിരുന്നു.  സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ സെര്‍ബിയന്‍ താരത്തിലാണ് എല്ലാവരും പ്രതീക്ഷ വെച്ചിരുന്നത്.

ബ്രിട്ടന്‍ താരം ആന്‍ഡി മറെയും മോണ്ടിനെഗ്രോ താരം മിലോ റവോനിച്ചും തമ്മിലെ സെമി ഫൈനൽ മത്സരത്തിലെ വിജയിയും ജോക്കോവിച്ചും വെള്ളിയാഴ്ച രാത്രി ഏറ്റുമുട്ടും. അഞ്ചു തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ ജോക്കോവിച്ചിന് കിരീടനേട്ടത്തോടെ ആറു തവണ ചാമ്പ്യനായിട്ടുള്ള ബോറിസ് ബെക്കറുടെ പട്ടികയില്‍ ഇടംപിടിക്കാനുള്ള അവസരമാണ്.