ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ബീജിംങ്ങില്‍ ഇന്നു തുടക്കമാകും. ബീജിംങ്ങിലെ ബേഡ്സ് നെസ്റ്റ് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. പുരുഷൻമാരുടെ മാരത്തൺ ഓട്ടമാണ് ഉദ്ഘാടന മൽസരം. എല്ലാ കണ്ണുകളും ലണ്ടൻ ഒളിംപിക്സിലും മോസ്കോ ലോക ചാംപ്യൻഷിപ്പിലും സ്വർണം നേടിയ യുഗാണ്ടയുടെ സ്റ്റെഫാൻ കിപ്രോട്ടിച്ചിലാണ്.
ലോക അത്‌ലറ്റിക് ഇന്നു തുടക്കമാകുമ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ടിന്റെ കുതിച്ചുപായലാണ്. ലോക റെക്കോർഡ് സമയത്തിൽ മൂന്നു സ്വർണങ്ങളുമായി ബോൾട്ട് വരവറിയിച്ചത് ഇതേ സ്റ്റേഡിയത്തിലാണ്. റിയോ ഒളിംപിക്സിൽ ബോൾട്ടിനു ശക്തമായ വെല്ലുവിളിയുയർത്തുന്ന അമേരിക്കയുടെ ജസ്റ്റിൻ ഗാട്‌ലിൻ, പതിനായിരം മീറ്റർ ഓട്ടത്തിൽ തുടർച്ചയായ ആറാം ലോക കിരീടം ലക്ഷ്യമിടുന്ന ബ്രിട്ടന്റെ മോ ഫറ, വനിതകളുടെ 1500 മീറ്ററിൽ പുതിയ ലോക റെക്കോർഡ് കുറിച്ച ഇത്യോപയുടെ ഗെൻസെബെ ഡിബാബ, ഇഷ്ട ഇനമായ 200 മീറ്റർ ഓട്ടം വിട്ടു 400 മീറ്ററിൽ മൽസരിക്കുന്ന അമേരിക്കയുടെ അലിസൺ ഫെലിക്സ് തുടങ്ങിയവരും മാറ്റുരയ്ക്കാനെത്തുന്നുണ്ട്.
അടുത്തു തന്നെ നടക്കാന്‍ പോകുന്ന റിയോ ഒളിമ്പിക്സില്‍ ആരാകും താരമെന്നതിന്റെ സൂചനകൂടിയാകും ചാമ്പ്യന്‍ഷിപ്പ്. 207 രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തോളം അത്‌ലിറ്റുകളാണു ചാംപ്യൻഷിപ്പിൽ മൽസരിക്കുന്നത്. ഡിസ്കസ് ത്രോ താരം വികാസ് ഗൗഡയുടെയും 800 മീറ്റർ ഓട്ടത്തിലും റിലേയിലും മൽസരിക്കുന്ന മലയാളി അത്‌ലിറ്റ് ടിന്റു ലൂക്കയുടെയും നേതൃത്വത്തിൽ പതിനെട്ടംഗ സംഘമാണു ബെയ്ജിങ്ങിൽ ഇന്ത്യൻ പതാകയ്ക്കു കീഴിൽ ഇറങ്ങുന്നത്.
പ്രിയങ്ക പവാർ, അനു രാഘവൻ, എം.ആർ. പൂവമ്മ, ദേബശ്രീ മജുംദാർ, ജിസ്ന മാത്യു (4–400 മീറ്റർ റിലേ), ലളിത ശിവജി ബാബർ (മാരത്തൺ, സ്റ്റീപ്ൾ ചേസ്), ഖുഷ്ബീർ കൗർ (20 കി.മീ നടത്തം), സന്ദീപ് കുമാർ (50 കി.മീ നടത്തം), ഒ.പി. ജയ്ഷ (മാരത്തൺ), സപ്ന (20 കി.മീ നടത്തം), ഇന്ദർജീത് സിങ് (ഷോട്ട്പുട്ട്), മനീഷ് സിങ് (50 കി.മീ നടത്തം), സുധ സിങ് (മാരത്തൺ), ഗുർമീത് സിങ് (20 കി.മീ നടത്തം), ചന്ദൻ സിങ് (20 കി.മീ നടത്തം), ബൽജീന്ദർ സിങ് (20 കി.മീ നടത്തം) എന്നിവരാണ് മറ്റ് ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ താരങ്ങൾക്കാർക്കും ഇന്ന് മൽസരമില്ല.