ക്രിക്കറ്റ് അല്ലാതെ മറ്റൊരു കായികയിനത്തിൽ കുട്ടികളെ പിന്തുണയ്ക്കുമോ? തയ്യാറെന്ന് 71 ശതമാനം രക്ഷിതാക്കൾ, ഒളിമ്പിക്‌സ് ആവേശം മാത്രമോ?

ബുധന്‍, 11 ഓഗസ്റ്റ് 2021 (12:56 IST)
ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ പ്രകടനം രാജ്യത്തെ കായികരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പഠനം. സമൂഹമാധ്യങ്ങളിലെ സർവേ നടത്തിപ്പിലെ പ്രമുഖരായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ 71 ശതമാനം രക്ഷിതാക്കളാണ് കുട്ടികളെ കായികരംഗത്തേക്ക് കൊണ്ടുവരാൻ തയ്യാറാണെന്ന് അഭിപ്രായപ്പെട്ടത്.
 
ടോക്യോ ഒളിമ്പിക്‌സിൽ 7 മെഡലുകളു‌മായി ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. അത്‍ലറ്റിക്‌സിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയപ്പോൾ ഹോക്കിയിലും ഇന്ത്യയിൽ അത്ര സ്വീകാര്യതയില്ലാത്ത ഗോൾഫിലും വരെ ഇന്ത്യ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. രാജ്യത്തെ കുടുംബങ്ങളിൽ 51% പേരും ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യൻ പ്രകടനം നിരന്തരം വിലയിരുത്തിയെന്നാണ് പുതിയ കണക്കുകൾ. റിയോയിൽ ഇത് വെറും 20 ശതമാനം മാത്രമായിരുന്നു.
 
ക്രിക്കറ്റല്ലാത്ത മറ്റൊരു കായിക ഇനത്തിൽ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചാൽ പിന്തുണയ്‌ക്കുമോയെന്ന ചോദ്യത്തിന് 71 ശതമാനം രക്ഷിതാക്കളും പിന്തുണയ്‌ക്കുമെന്നാണ് സർവേയിൽ മറുപടി നൽകിയത്. 2016ൽ ഇത് 40 ശതമാനം മാത്രമായിരുന്നു. സർവേകണക്കുകൾ പ്രകാരം സ്ഥിതി ഇങ്ങനെയെങ്കിലും കായികയിനങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യത തീരേ കുറവാണ് എന്നതാണ് സത്യം. ഇന്ത്യയിലെ 309 ജില്ലകളിൽ നിന്നുള്ള 18000 പേരാണ് സർവേയിൽ പങ്കെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍