അഫ്‌ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധം മൂർച്ഛിക്കുന്നു, ഇന്ത്യക്കാരോട് ഉടൻ മടങ്ങാൻ നിർദേശം, പ്രത്യേകവിമാനവുമായി കേന്ദ്രം

ചൊവ്വ, 10 ഓഗസ്റ്റ് 2021 (17:42 IST)
ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലകപ്പെട്ട അഫ്‌ഗാനിസ്ഥാനിൽ നിന്നും മടങ്ങിയെത്താൻ ഇന്ത്യക്കാർക്ക് നിർദേ‌ശം നൽകി കേന്ദ്രം. താലിബാൻ ഭീകരരും അഫ്‌ഗാനിസ്ഥാൻ സൈന്യവും തമ്മിലുള്ള കനത്ത പോരാട്ടം നടക്കുന്ന മാസർ ഐ ഷെരീഫിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്താനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.
 
അഫ്‌ഗാനിസ്ഥാനിലെ നാലാമത്തെ വലിയ നഗരമായ മാസർ ഐ ഷെരീഫ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് താലിബാൻ ഭീകരർ. കനത്ത ആക്രമണമാണ് ഇവിടെ താലിബാൻ അഴിച്ചുവിടുന്നത്. ഇന്ത്യക്കാർ ആരെങ്കിലും അഫ്‌ഗാനിസ്ഥാനിൽ തുടരുന്നുവെങ്കിൽ മാസർ ഐ ഷെരീഫിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ  ഉടൻ പുറപ്പെടണമെന്നാണ് കേന്ദ്രനിർദേശം.
 
നാട്ടിലേക്ക് മടങ്ങുന്നവർ പാസ്‌പോർട്ട് നമ്പർ കോൺസുലേറ്റിന് കൈമാറണം. നിലവിൽ 1500 ഇന്ത്യക്കാർ അഫ്‌ഗാനിസ്ഥാനിൽ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസത്തിലെ കനത്ത യുദ്ധത്തെ തുടർന്ന് കാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാഉദ്യോഗസ്ഥരെയും നേരത്തെ നാട്ടിലേക്ക് മടക്കിയയച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍