വയനാടിന്റെ സ്വപ്ന പദ്ധതിയായ തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം ഇന്ന് നിർവഹിക്കും. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾക്ക് ആണ് ഇന്ന് തുടക്കം കുറിക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. വൈകിട്ട് നാല് മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റർ ദൂരം ഇരട്ട ടണൽ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. തുരങ്കപാത യാഥാർത്ഥ്യമാവുന്നതോടെ കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും.
മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്ര നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്ക് തുടക്കമിട്ടത്. തുരങ്കപ്പാത യാർത്ഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്ന് 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാ ദുരിതത്തിനും ഇതോടെ അറുതിയാകും.