പാറകഷ്ണങ്ങൾ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു, താമരശ്ശേരി ചുരത്തിൽ അപകട ഭീഷണി; ഗതാഗതം പൂർണമായും നിരോധിച്ചു

നിഹാരിക കെ.എസ്

വെള്ളി, 29 ഓഗസ്റ്റ് 2025 (08:20 IST)
താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി. ഗതാഗതം പൂർണമായി നിരോധിച്ചതായി താമരശ്ശേരി ഡിവൈഎസ്പി സുഷീർ അറിയിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം ഉണ്ടായിരിക്കില്ല എന്നതാണ് അറിയിപ്പ്. 
 
അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയുമെന്നും ഡിവൈഎസ്പി അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും പൊലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിച്ചുവിടും. 
 
കഴിഞ്ഞ ദിവസം ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയൻറിന് സമീപം പാറക്കൂട്ടങ്ങളും മണ്ണും ഇടിഞ്ഞുവീണിരുന്നു. ഇത് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങൾ റോഡിലേക്ക് വീണത്. 
 
ഒരു വാഹനത്തിന്റെ തൊട്ടരികിലാണ് കല്ല് പതിച്ചത്. വലിയ അപകടം തലനാരിഴക്കാണ് വഴിമാറിയത്. ചുരത്തിൽ നേരിയ മഴ പെയ്യുന്നത് സാഹചര്യം രൂക്ഷമാക്കുകയാണ്. ചെറിയ കല്ലുകൾ റോഡിലേക്ക് ഒലിച്ചുവരുന്നുണ്ട്. റോഡിന്റെ പകുതി വരെ കല്ലുകൾ വീണുകിടക്കുന്നുണ്ട്. കൂടുതൽ അപകട സാധ്യതകൾ മുന്നിൽ കണ്ടാണ് ഗതാഗതം നിരോധിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍