അതിജീവിതര്‍ക്കായി ടൗണ്‍ഷിപ്പാണ് സര്‍ക്കാര്‍ പണികഴിപ്പിക്കുന്നത്. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64.47 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. അഞ്ച് സോണുകളിലായി 410 വീട്. നിലവില്‍ 122 വീടിനു നിലമൊരുക്കി കഴിഞ്ഞു. 51 എണ്ണത്തിനു മണ്ണ് പരിശോധന പൂര്‍ത്തിയായി. 27 വീടിന്റെ അടിത്തറ പണികള്‍ കഴിഞ്ഞു. 20 എണ്ണത്തിനു പില്ലര്‍ ഉയര്‍ന്നു. 12 മീറ്റര്‍ വീതിയില്‍ പ്രധാന റോഡും ക്ലസ്റ്ററുകളിലേക്ക് പ്രത്യേക പാതകളും നിര്‍മിക്കുന്നുണ്ട്.
ടൗണ്‍ഷിപ്പിന്റെ പ്രവര്‍ത്തി ആരംഭിച്ച് 105 ദിവസം കൊണ്ട് മാതൃകാവീട് പൂര്‍ത്തീകരിച്ചു. ദുരന്തബാധിതര്‍ക്ക് മാതൃകാവീട് കാണാന്‍ അവസരമുണ്ട്. ഏഴ് സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടിയിലാണ് മാതൃകാ വീട്. രണ്ട് കിടപ്പുമുറി, രണ്ട് ശുചിമുറി, സിറ്റൗട്ട്, ഡൈനിങ്, ലിവിങ്, പഠനമുറി, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയാണ് മാതൃകാവീടില്‍ അടങ്ങിയിരിക്കുന്നത്.