സൈന വീണ്ടും കോര്‍ട്ടിലേക്ക്

Webdunia
ബുധന്‍, 25 ഫെബ്രുവരി 2009 (16:46 IST)
ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാള്‍ അടുത്തയാഴ്ച നടക്കുന്ന ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. തോളിലെ പരിക്ക് മൂലം വിശ്രമിക്കുന്ന സൈനയുടെ ഫിസിയോതെറാപ്പിസ്റ്റ് ഹീത് മാത്യൂസ് ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം സൈന ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയയായതായി അദ്ദേഹം പറഞ്ഞു. പരിക്ക് മൂലം ഈ മാസം നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സൈന വിട്ടുനില്‍ക്കുകയായിരുന്നു. നിലവില്‍ ദേശീയ ചാമ്പ്യനാണ് പതിനെട്ടുകാരിയായ സൈന.

ലോക പത്താം നമ്പര്‍ താരവും ബെയ്ജിംഗ് ഒളിമ്പിക്സിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുമാണ് സൈന. അടുത്ത മാസം മൂന്ന് മുതല്‍ എട്ടുവരെയാണ് ബര്‍മിങ്ഹാമില്‍ സൂപ്പര്‍ സീരീസ് എന്നറിയപ്പെടുന്ന ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് നടക്കുന്നത്.

തോളിന് ചെറിയ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ശനിയാഴ്ച സൈന ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്ന് മാത്യൂസ് പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സൈനയെന്നും അദ്ദേഹം വ്യക്തമാക്കി.