സുരക്ഷിതമാകാന്‍ മുന്‍നിര ക്ലബ്ബുകള്‍

Webdunia
ശനി, 28 ഫെബ്രുവരി 2009 (11:26 IST)
പ്രീമിയര്‍ ലീഗില്‍ മുന്‍നിര ക്ലബ്ബുകളാ‍യ ലിവര്‍പൂളും, ചെല്‍സിയും, ആര്‍സനലും ഇന്ന് വീണ്ടുമിറങ്ങും. ഇന്ന് വിജയിച്ച് പോയന്‍റ് നില സുരക്ഷിതമാക്കാനായിരിക്കും ടീമുകളുടെ ശ്രമം.

ടൂര്‍ണമെന്‍റില്‍ 55 പോയന്‍റുമായി രണ്ടാം സ്ഥാ‍നത്താണ് ലിവര്‍പൂള്‍. 52 പോയന്‍റുമായി ചെല്‍‌സി മൂന്നാം സ്ഥാനത്തുണ്ട്.
ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന വിഗാന്‍ അത്‌ലറ്റിക് ആണ് ചെല്‍‌സിയുടെ എതിരാളികള്‍. പുതിയ പരിശീലകന്‍ ഗുസ് ഹിഡിങ്കിന്‍റെ കീഴില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് ചെല്‍സിക്ക് ആശ്വാസം പകരുന്നുണ്ട്.

23 പോയന്‍റുമായി പത്തൊമ്പതാം സ്ഥാനത്തുള്ള മിഡില്‍‌സ് ബ്രോ ആണ് ലിവര്‍പൂളിനെ നേരിടുക. ഇന്ന് വിജയിച്ച് 62 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെക്കുള്ള ദൂരം കുറയ്ക്കുകയാണ് ലിവര്‍പൂളിന്‍റെ ലക്‍ഷ്യം.

എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഫുള്‍ഹാം ആണ് ആര്‍സനലിനെ നേരിടുന്നത്. പോയന്‍റ് നിലയില്‍ അഞ്ചാം സ്ഥാനത്തുള്ള ആര്‍സനലിന് ഇന്നത്തെ മത്സരം ജയിക്കേണ്ടത് ആവശ്യമാണ്. 41 പോയിന്‍റുമായി ആറാം സ്ഥാനത്ത് നില്‍ക്കുന്ന എവര്‍ട്ടണും ഇന്ന് മത്സരമുണ്ട്. ഇരുപതാം സ്ഥാനക്കാരായ വെസ്റ്റ്‌ ബ്രോംവിച്ച്‌ ആല്‍ബിയോണിനോടാണ് എവര്‍ട്ടണ്‍ ഏറ്റുമുട്ടുന്നത്.