ഷൂമാക്കര്‍ ജീവന്‍ നിലനിര്‍ത്താന്‍ പോരാടുന്നു

Webdunia
ചൊവ്വ, 31 ഡിസം‌ബര്‍ 2013 (09:56 IST)
PTI
സ്‌കീയിങ്ങിനിടെ വീണ് തലയ്ക്ക് പരുക്കേറ്റ് അബോധാവസ്ഥയിലുള്ള ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിലെ മുന്‍ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

താരം ജീവന്‍നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണെന്നും ഫലമെന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഗ്രനോബിള്‍ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കുമൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്.

ബാലന്‍സ് തെറ്റി ഷൂമാക്കറുടെ തല സമീപത്തെ പാറയിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ താരത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ മൗട്ടിയേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം നടക്കുമ്പോള്‍ അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ ബോധമുണ്ടായിരുന്നു. അപകടമുണ്ടായി എട്ടുമിനിറ്റിനകം ഷൂമാക്കറെ ആശുപത്രിയിലേക്ക് മാറ്റി. ഏഴുതവണ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, 2012ലാണ് വിരമിച്ചത്. അദ്ദേഹത്തിന് 44 വയസ്സ് പ്രായമുണ്ട്.