വംശീയ അധിക്ഷേപത്തിന് കേസുള്ളവര്‍ ലോകകപ്പിനെത്തേണ്ട!!!

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (09:34 IST)
PRO
കായികലോകത്ത് വംശവെറി അധിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ വംശീയ അധിക്ഷേപത്തിന് കേസുള്ള ഫുട്‌ബോള്‍ ആരാധകര്‍ ലോകകപ്പ് കാണാന്‍ ബ്രസീലിലേക്ക് വരുന്നത് തടയാനൊരുങ്ങി സര്‍ക്കാര്‍.

ബ്രസീല്‍ കായികമന്ത്രിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകരുടെയെല്ലാം രേഖകള്‍ പരിശോധിക്കുമെന്നും വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളവര്‍ക്ക് ബ്രസീല്‍ വിസ നല്കില്ലെന്നും മന്ത്രി അറിയിച്ചു.

ഇത്തരം കേസുകള്‍ക്ക് ശിക്ഷിക്കപ്പെട്ടവരും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള വംശീയാധിക്ഷേപം ലോകകപ്പിനിടെ ശ്രദ്ധയില്‍പെട്ടാല്‍ അതിന് ഉത്തരവാദികളായവരെ ബ്രസീലിലെ നിയമപ്രകാരം കര്‍ശനമായി ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.