ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും കാള്‍സന്‍- ആനന്ദ് പോരാട്ടം

Webdunia
ഞായര്‍, 30 മാര്‍ച്ച് 2014 (17:42 IST)
PRO
PRO
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും വിശ്വനാഥന്‍ ആനന്ദ്-മാഗ്നസ് കാള്‍സന്‍ കിരീട പോരാട്ടം. നിലവിലെ ചാമ്പ്യനായ മാഗ്‌നസ് കാള്‍സന്റെ എതിരാളിയെ കണ്ടത്തെുന്ന കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം കൂടി അവശേഷിക്കെ ഒന്നാമതെത്തിയാണ് ഇന്ത്യയുടെ ആനന്ദ് ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്.

മോസ്‌കോയിലെ ഖാന്റി മാന്‍സിസ്‌കില്‍ നടന്ന കാന്‍ഡിഡേറ്റ് മത്സരത്തില്‍ ഒരു റൗണ്ട് ബാക്കിനില്‍ക്കേയാണ് 1.5 പോയന്റ് ലീഡുമായി ആനന്ദ് ലോകചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചത്. 14ല്‍ 13 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും 10 സമനിലയുമായാണ് ഇന്ത്യയുടെ വിശ്വചാമ്പ്യന്‍ മുന്നേറിയത്. ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ലെവോണ്‍ അരോണിയന്‍ 13ാം റൗണ്ടില്‍ ദിമിത്രി അന്‍ഡറികിനോട് തോല്‍വി വഴങ്ങിയതാണ് ആനന്ദിന്റെ കാര്യങ്ങള്‍ എളുപ്പമാക്കിയത്.

ഇന്നലെ നടന്ന 13ാം റൗണ്ട് മാരത്തോണ്‍ മത്സരത്തില്‍ റഷ്യയുടെ സെര്‍ജി കരാകിനെ ആനന്ദ് സമനിലയില്‍ കുരുക്കുകയായിരുന്നു. 91 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായായിരുന്നു ആനന്ദിന്റെ പോരാട്ടം. ഇതോടെ ലോക ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് പകരം വീട്ടാന്‍ വിശ്വനാഥന്‍ ആനന്ദിന് ഒരവസരം കൂടി ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ലോക പോരാട്ടത്തില്‍ 10 റൗണ്ടിലും ഒരു ജയം പോലുമില്ലാതെയായിരുന്നു അഞ്ച് തവണ ലോകചാമ്പ്യനായ ആനന്ദിന്റെ പരാജയം. ഈ വര്‍ഷം നവംബര്‍ അഞ്ചു മുതല്‍ 25 വരെയാണ് ലോകചാമ്പ്യന്‍ഷിപ്.