ഇന്ത്യയുടെ വികാസ് ഗൗഡ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഡിസ്കസ് ത്രോ ഫൈനലില്‍ കടന്നു. യോഗ്യതാറൗണ്ടില്‍ ഏഴാം സ്ഥാനക്കാരനായാണ് വികാസ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് എ-യില്‍ നാലാംസ്ഥാനക്കാരനായിരുന്ന ഗൗഡ ആദ്യശ്രമത്തില്‍ തന്നെ 63.64 മീറ്റര്‍ ഡിസ്കസ് പായിച്ചു.
ലോകചാംപ്യനും ഒളിംപിക് ചാംപ്യനുമായ ജര്‍മന്‍ താരം റോബര്‍ട്ട് ഹാര്‍ട്ടിങ് ആണ് യോഗ്യതാപോരാട്ടത്തില്‍ മികച്ച ദൂരം കണ്ടെത്തിയത്. റോബര്‍ട്ട് ഹാര്‍ട്ടിങ് 66.62 മീറ്ററാണ് ഡിസ്കസ് പായിച്ചത്. 66 മീറ്റര്‍ കണ്ടെത്തിയ പോളണ്ടിന്റെ പിയോട്ടര്‍ മലക്കോവ്സ്കിയും 65.54 മീറ്റര്‍ കണ്ടെത്തിയ എസ്‌തോണിയയുടെ ഗെര്‍ഡ് കാന്ററും ഫൈനലില്‍ മെഡല്‍ പ്രതീക്ഷകളുള്ളവരാണ്.
ഗൗഡയുടെ ദേശീയ റെക്കോര്‍ഡ് പ്രകടനം 66.28 മീറ്റര്‍ ആണെന്നത് ഇന്ത്യന്‍ ആരാധകര്‍ക്കും പ്രതീക്ഷയേകുന്നു. ഫൈനല്‍ റൗണ്ട് നാളെയാണ് നടക്കുക. ഗൗഡ അടക്കം 12 താരങ്ങളാണു ഫൈനലിന് ഇറങ്ങുക.