ആര്‍ച്ചറി ലോകകപ്പില്‍നിന്ന് ദീപിക കുമാരി പുറത്തായി. ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറിലാണ് ദീപിക പുറത്തായത്. കൊളംബിയയിലെ മെഡെലിനില്‍ നടക്കുന്ന ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യയിന്‍ നിന്ന് ദീപിക കുമാരി മാത്രമെ ക്വാര്‍ട്ടറില്‍ ഇടം നേടിയുള്ളൂ.
അമേരിക്കന്‍ താരം മിറാന്‍ഡ ലീക്കുമായി നടന്ന പോരാട്ടത്തില്‍ 6-2ന് ആണു ദീപിക പരാജയപ്പെട്ടത്. ചൈനയുടെ യാന്‍യുവാന്‍ കുയിയെ തോല്‍പിച്ചു മിറാന്‍ഡ ഫൈനലിലും കടന്നു. ഇവിടെ ഏഴാം സീഡായിരുന്ന ദീപിക ഗ്വാട്ടിമാലയുടെ റജീന മരിയ റോമെറോയെയും (6-0), ഡെന്‍മാര്‍ക്കിന്റെ കരിന ക്രിസ്റ്റ്യന്‍സനെയും (6-4) തോല്‍പിച്ചാണു ക്വാര്‍ട്ടറിലെത്തിയത്.
എട്ടാം സീഡ് ലെയ്ഷ്‌റാം ബൊംബയ്‌ലാ ദേവിയും പുരുഷന്മാരുടെ റികര്‍വ് വിഭാഗത്തില്‍ അതാനു ദാസും തരുണ്‍ദീപ് റായിയും പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ഇനി ടീമിനത്തിലും മിക്സ്ഡ് ടീം ഇനത്തിലുമാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.