മെസ്സി തന്നെ കേമന്‍

Webdunia
ഞായര്‍, 11 ഏപ്രില്‍ 2010 (11:03 IST)
PRO
റൊണാള്‍ഡോയാണോ മെസ്സിയാണോ കേമനെന്ന ചോദ്യത്തിന് ഇനി രണ്ടുത്തരമില്ല. ലയണല്‍ മെസ്സിയെന്ന ഉത്തരം മാത്രം. പതിറ്റാണ്ടിലെ പോരാട്ടമെന്ന് ഫുട്ബൊള്‍ ലോകം വിശേഷിപ്പിച്ച പോരാട്ടത്തില്‍ റയലിനെ എതിരില്ലാത്ത രണ്ട് ഗോളിന് മുക്കി ബാര്‍സലോണ സ്പാനിഷ് ലീഗ് കിരീടത്തോട് ഒരു പടി കൂടി അടുത്തു. റയലിന്‍റെ സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ ലയണല്‍ മെസ്സിയുടെയും പെഡ്രോ റോഡ്രിഗസിന്‍റെയും ഗോളുകളിലൂടെയാണ് ബാര്‍സ വിജയകുതിപ്പ് തുടര്‍ന്നത്.

റയലിനെതിരെ ബാര്‍സ നേടുന്ന തുടര്‍ച്ചയായ നാലാമത്തെ ജയമാണിത്. റയല്‍ തട്ടകമായ സാന്റിയാഗോ ബെര്‍ണബുവില്‍ ചരിത്രത്തിലാദ്യമായാണ് ബാര്‍സ തുടര്‍ച്ചയായി ജയിക്കുന്നത്. 31 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാര്‍സലോണയ്ക്ക് എന്‍പതും റയലിന് എഴുപത്തിയേഴ് പോയിന്റുമാണുള്ളത്. ലീഗില്‍ ഏഴു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെയാണ് കിരീടപോരാട്ടത്തില്‍ ബാര്‍സലോണ മുന്നിലെത്തിയത്.

ചാംപ്യന്‍സ് ലീഗിലെ നാലു ഗോള്‍ പ്രകടനത്തിന്റെ തിളക്കത്തിലിറങ്ങിയ മെസി മുപ്പത്തിമൂന്നാം മിനുറ്റില്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ റയല്‍ ആരാധകരെ നിശ്ബദരാക്കി. സാവി ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു ബാര്‍സയ്ക്കുവേണ്ടി സീസണില്‍ മെസിയുടെ നാല്‍പ്പതാം ഗോള്‍ പിറന്നത്. അമ്പത്തിയാറാം മിനിട്ടില്‍ പെഡ്രോ റോഡ്രിഗ്‌സിന്റെ ഇടങ്കാലനടി വീണ്ടും കസീയസിനെ മറികടന്ന് റയല്‍ വലയില്‍ കയറിയപ്പോള്‍ ബാര്‍സ വിജയമുറപ്പിച്ചു.

സമകാലീന ലോകഫുട്‌ബോളിലെ മഹാരഥന്‍മാരായ രണ്ടു താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാള്‍ മികച്ചവന്‍ താന്‍ തന്നെയെന്ന് വിളിച്ചു പറയുന്ന പ്രകടനമായിരുന്നു മെസി പുറത്തെടുത്തത്. ബാര്‍സ റയലിനേക്കാള്‍ മികച്ചു നിന്നുവെന്ന് മല്‍സരശേഷം മെസി പറഞ്ഞു.
റയലിനെതിരെ മെസി നേടുന്ന ഏഴാം ഗോളായിരുന്നു കഴിഞ്ഞ ദിവസത്തേത്. സ്പാനിഷ് ലീഗില്‍ 27 ഗോള്‍ നേടിയ മെസിയാണ് ഒന്നാമത്. എന്നാല്‍ ഇടവേളയ്ക്ക്‌ശേഷം സുവര്‍ണാവസരം തുലച്ച റൊണാള്‍ഡോ മല്‍സരത്തില്‍ തീരെ നിറം മങ്ങി.