ഭൂപതി രഹസ്യം പാട്ടാക്കി; ലാറയ്ക്ക് അരിശം

Webdunia
ബുധന്‍, 27 ഏപ്രില്‍ 2011 (17:47 IST)
IFM
IFM
രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്തവര്‍ സ്ത്രീകളോ പുരുഷന്‍‌മാരോ? സ്ത്രീകളാണെന്നാണ് പൊതുപല്ലവി. എന്നാല്‍ പുരുഷന്‍‌മാര്‍ക്കാണ് രഹസ്യം സൂക്ഷിക്കാനാകാത്തതെന്ന് ബോളിവുഡ് നടി ലാറ ദത്ത പറയും.

എന്താണെന്നല്ലേ? പറയാം. തന്റെ പുതിയ ചിത്രത്തില്‍ ഒരു പ്രമുഖന്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് ലാറ പറഞ്ഞിരുന്നു. ഇന്ത്യന്‍ ടെന്നീസ് താരവും തന്റെ ഭര്‍ത്താവുമായ മഹേഷ് ഭൂപതി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന പ്രമുഖന്റെ പേര് സസ്പന്‍സ് ആയി നിലനിര്‍ത്തണമെന്നായിരുന്നു ലാറയുടെ ആഗ്രഹം.

സിനിമയുടെ റിലീസിന് ശേഷം മാത്രം അത് ആരാണെന്ന് അറിഞ്ഞാല്‍ മതിയായിരുന്നുവെന്നാണ് ലാറ ആഗ്രഹിച്ചിരുന്നത്. ഒരാളോട് പോലും ഈ രഹസ്യം വെളിപ്പെടുത്തരുതെന്നായിരുന്നു ലാറയുടെ നിര്‍ദ്ദേശം. സിനിമയ്ക്ക് പുറത്തുള്ള ആരെങ്കിലും ഒരാള്‍ അറിഞ്ഞാല്‍ അത് പരസ്യമാകുമെന്നായിരുന്നു ലാറയുടെ വാദം.

എന്നാല്‍ സിനിമാ രംഗത്തെ കുറിച്ച് അത്ര അറിവില്ലാത്ത ഭൂപതിക്ക് ഇക്കാര്യം വല്ലതും മനസ്സിലാകുമോ. ഭൂപതി അടുത്ത സുഹൃത്തുക്കളോട് ആ സസ്പന്‍സ് പൊട്ടിച്ചു. ആ അതിഥി താരം താന്‍ തന്നെയെന്ന് ഭൂപതി വെളിപ്പെടുത്തി. ഇത് ലാറയ്ക്ക് അത്ര പിടിച്ചിട്ടില്ലെന്നാണ് നടിയുടെ സുഹൃത്തുക്കള്‍ പറയുന്നത്.

എന്നാല്‍ ലാറയും ഭൂപതിയും വിവാഹശേഷമുള്ള പ്രണയം ആഘോഷിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിയുന്നതും ഒരുമിച്ച് തന്നെ എല്ലാ ഫംഗ്ഷനുകളിലും ഇവര്‍ പങ്കെടുക്കാറുണ്ട്.