2014 ബ്രസീല്‍ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പന ഏപ്രില്‍ രണ്ടിന് പൂര്‍ത്തിയായപ്പോള്‍ ഓണ്‍ലൈനുകളിലടക്കം മൊത്തം ടിക്കറ്റ് വില്‍പ്പന 25.7 ലക്ഷമെത്തിയെന്ന് ഫിഫ അധികൃതര്‍ അറിയിച്ചു.
രണ്ടാം ഘട്ടത്തില്‍ വില്‍പ്പനയ്ക്ക് വെച്ച 3.45 ലക്ഷം ടിക്കറ്റില്‍ 3,01,929 എണ്ണമാണ് ചൊവ്വാഴ്ച വരെ വിറ്റതെന്ന് ഫിഫ അധികൃതര്‍ അറിയിച്ചു. ബ്രസീല്‍, അമേരിക്ക, കൊളംബിയ, ഓസ്‌ട്രേലിയ, അര്‍ജന്റീന, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ആരാധകരാണ് ടിക്കറ്റ് വാങ്ങിയവരിലേറെയുമെന്ന് ലോകകപ്പ് ടിക്കറ്റിന്റെ ചുമതല വഹിക്കുന്ന ഫിഫ വാണിജ്യ വിഭാഗം ഡയറക്ടര്‍ തീയറി വെയ്ല്‍ പറഞ്ഞു.
ഏപ്രില്‍ 15 മുതല്‍ ടൂര്‍ണമെന്റ് അവസാനിക്കും വരെയും ടിക്കറ്റുകള്‍ വില്‍ക്കുന്നതിന് നടപടി സ്വീകരിക്കും. മത്സരങ്ങളുടെ വിറ്റഴിക്കാത്ത ടിക്കറ്റുകളാവും ഈ ഘട്ടത്തില്‍ ആവശ്യക്കാര്‍ക്ക് നല്‍കുകയെന്നും തീയറി വെയ്ല്‍ അറിയിച്ചു.