തിയതി കുറിച്ചുവെയ്ക്കാം, കേരളത്തിന് എതിരാളികൾ വിദർഭ, രഞ്ജി ട്രോഫി ഫൈനൽ ഈ മാസം 26ന്, ചരിത്രനേട്ടം കൈയകലെ

അഭിറാം മനോഹർ

വെള്ളി, 21 ഫെബ്രുവരി 2025 (18:42 IST)
ഒരു ജീത്തു ജോസഫ് സിനിമ പോലെ സംഭവബഹുലമായ ദിനമായിരുന്നു കേരള ക്രിക്കറ്റിന് ഇന്നത്തെ ദിവസം. ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്ങ്‌സില്‍ നേടാനായ 2 റണ്‍സ് ലീഡിന്റെ ബലത്തില്‍ ഫൈനല്‍ ഉറപ്പിച്ചെങ്കിലും അവസാന ദിവസത്തിന്റെ പകുതിയ്ക്ക് ശേഷവും മത്സരം കേരളം കൈവിടാന്‍ സാധ്യതയേറെയായിരുന്നു.എന്നാല്‍ ബൗളിങ്ങില്‍ ടീമിന്റെ ഭാരം വഹിച്ച ജലജ് സക്‌സേന ബാറ്റിംഗിലും ടീമിന്റെ നെടുന്തൂണായി മാറുകയും ഗുജറാത്ത് ബൗളിംഗ് ആക്രമണത്തെ ചെറുക്കുകയും ചെയ്തു.
 
 ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെതിരെ നേടിയ ഒരു റണ്‍സ് ലീഡിന്റെ ബലത്തിലായിരുന്നു കേരളം സെമി ഫൈനലിലേക്കെത്തിയത്. സല്‍മാന്‍ നിസാറിന്റെ സെഞ്ചുറി പ്രകടനമായിരുന്നു മത്സരത്തില്‍ നിര്‍ണായകമായത്. സെമിയില്‍ സെഞ്ചുറി പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും മത്സരത്തില്‍ ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീഴുന്നതില്‍ നിര്‍ണായകമായ പങ്കാണ് സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റ് വഹിച്ചത്.
 
ആദിത്യ സര്‍വതെ എറിഞ്ഞ പന്തില്‍ ഗുജറാത്തിന്റെ അര്‍സാന്‍ നാഗ്വസ്വല്ല ഷോട്ടിനായി ശ്രമിച്ചെങ്കിലും ഷോര്‍ട്ട് ലെഗില്‍ നിന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി തെറിച്ച് കേരള നായകന്‍ സച്ചിന്‍ ബേബിയുടെ കയ്യിലെത്തുകയായിരുന്നു. നിര്‍ണായക 2 റണ്‍സ് ലീഡ് നേടിയ ശേഷം കേരളത്തിന്റെ 4 വിക്കറ്റുകള്‍ വീണ്ടെങ്കിലും 37 റണ്‍സുമായി ജലജ് സക്‌സേന ക്രീസില്‍ ഉറച്ചുനിന്നതോടെ മത്സരം സമനിലയിലാവുകയും ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയ ലീഡിന്റെ ബലത്തില്‍ കേരളം ഫൈനല്‍ യോഗ്യത നേടുകയുമായിരുന്നു.
 
 ഒന്നാം ഇന്നിങ്ങ്‌സില്‍ പുറത്താവാതെ 177 റണ്‍സ് നേടിയ അസ്ഹറുദ്ദീനാണ് കളിയിലെ താരം. കലാശപ്പോരില്‍ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. അഥര്‍വ തൈഡ, കരുണ്‍ നായര്‍,ഉമേഷ് യാദവ്,യാഷ് താക്കൂര്‍ എന്നിവര്‍ അണിനിരക്കുന്ന വിദര്‍ഭ ശക്തരായ നിരയാണ്. ഫെബ്രുവരി 26 ബുധനാഴ്ചയാണ് രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തിന് തുടക്കമാവുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍