Kerala vs Gujarat: പോരാളികളെ ഭാഗ്യവും തുണച്ചു, രഞ്ജി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ നിർണായകമായ 2 റൺസ് ലീഡ്, ഫൈനലിലേക്ക്..

അഭിറാം മനോഹർ

വെള്ളി, 21 ഫെബ്രുവരി 2025 (11:33 IST)
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ നിര്‍ണായകമായ ആദ്യ ഇന്നിങ്ങ്‌സ് ലീഡ് നേടി ഫൈനല്‍ ഉറപ്പിച്ച് കേരളം. ഒട്ടേറെ നാടകീയമായ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മത്സരത്തിന്റെ അഞ്ചാം ദിനത്തില്‍ ഭാഗ്യത്തിന്റെ കൂടെ അകമ്പടിയോടെയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശനം. അതേസമയം ശക്തരായ ഗുജറാത്തിനെതിരെ ഒരു നിമിഷം പോലും വിട്ടുകൊടുക്കാതെയാണ് കേരളം മത്സരത്തില്‍ ഉടനീളം പൊരുതിയത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തുന്നത്.
 
 ഇന്ന് ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ 3 വിക്കറ്റ് കയ്യില്‍ നില്‍ക്കെ 28 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന് ഫൈനല്‍ യോഗ്യത സ്വന്തമാക്കാന്‍ വേണ്ടിയിരുന്നത്. 79 റണ്‍സുമായി ജയ്മീത് പട്ടേലും 30 റണ്‍സുമായി സിദ്ധാര്‍ഥ് ദേശായിയും 357 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലായിരുന്ന ഗുജറാത്തിനെ 436-7 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചിരുന്നതിനാല്‍ തന്നെ മത്സരത്തില്‍ കേരളത്തിന് സാധ്യത കുറവായിരുന്നു. എന്നാല്‍ 79 റണ്‍സെടുത്ത് നില്‍ക്കെ സര്‍വതെയുടെ പന്തില്‍ ജയ്മീത് സ്റ്റമ്പ് ചെയ്ത് പുറത്തായതോടെ മത്സരം മാറി മറിഞ്ഞു.
 
 ഇതോടെ കേരളത്തിന് 2 വിക്കറ്റും ഗുജറാത്തിന് 21 റണ്‍സും നേടാനായാല്‍ ഫൈനല്‍ ഉറപ്പിക്കാമെന്ന അവസ്ഥ വന്നു. സിദ്ധാര്‍ഥ് വാലറ്റക്കാരനായ നാഗസ്വലയുമായി കളി മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ ടീം സ്‌കോര്‍ 446ല്‍ നില്‍ക്കെ സിദ്ധാര്‍ഥ് ദേശായി മടങ്ങിയതോടെ 1 വിക്കറ്റ് കയ്യിലിരിക്കെ 11 റണ്‍സ് വേണമെന്ന നിലയിലേക്ക് ഗുജറാത്ത് മാറി. പ്രിയജിത് സിംഗും നാഗസ്വലയും തിരക്കില്ലാതെ വിജയലക്ഷ്യത്തിലേക്ക് നീങ്ങവെയാണ് വെറും 2 റണ്‍സ് അകലെ ഗുജറാത്ത് കളി കൈവിട്ടത്. ഇതോടെ ആദ്യ ഇന്നിങ്ങ്‌സില്‍ നിര്‍ണായകമായ 2 റണ്‍സ് ലീഡ്  നേടി കേരളം ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍