പ്രണയദിനക്കൊല: ബ്ലേഡ് റണ്ണറെ സഹായിച്ച് പൊലീസിന്റെ മണ്ടത്തരങ്ങളും

Webdunia
വ്യാഴം, 21 ഫെബ്രുവരി 2013 (10:04 IST)
PRO
വാലന്റൈന്‍ ദിനക്കൊലയില്‍ ദുരൂഹത കൂടുതല്‍ വര്‍ദ്ധിപ്പിച്ച് പൊലീസിന്റെ മണ്ടത്തരങ്ങളും. ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം "ബ്ലേഡ് റണ്ണര്‍" ഓസ്‌കര്‍ പിസ്‌റ്റോറിയസിന്റെ വസതിയില്‍ നിന്ന്‌ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഡിക്റ്റടീവായ ഹില്‍റ്റണ്‍ ബോതാ കാണിച്ച അലംഭാവമാണ് കൊലപാതകത്തിനു പിന്നിലെ ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

സംഭവസ്ഥലത്ത് ശ്രദ്ധയില്ലാതെ പൊലീസ് നടത്തിയ അന്വേഷണം നിര്‍ണായക തെളിവുകളെ കുഴച്ച് മറിച്ചതായി വിദഗ്ദര്‍ വ്യക്തമാക്കി. പ്രണയദിനത്തില്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസിനൊപ്പമുണ്ടായിരുന്ന റീവ സ്‌റ്റീന്‍കാംപ്‌ എന്ന മോഡലാണ് വെടിയേറ്റ്‌ മരിച്ചത്‌. റീവയുടെ തലയിലും കൈയിലുമാണ്‌ വെടിയേറ്റിരുന്നത്‌.

വീട്ടില്‍ ആരോ അതിക്രമിച്ചുകയറിയെന്ന്‌ കരുതി വെടിവച്ചതാണ്‌ എന്നായിരുന്നു പിസ്‌റ്റോറിയസിന്റെ വിശദീകരണം. എന്നാല്‍ ഇത്‌ പോലീസ്‌ തള്ളിക്കളഞ്ഞു. ബോധപൂര്‍വമുളള കൊലപാതകത്തിനാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.

ബോധപൂര്‍വമായ കൊലപാതകമാണ്‌ നടന്നതെന്ന്‌ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചപ്പോള്‍ പിസ്‌റ്റോറിയസ്‌ കോടതിമുറിയില്‍ വച്ച്‌ പൊട്ടിക്കരഞ്ഞിരുന്നു. കൊല്ലപ്പെട്ട റീവ സ്റ്റീന്‍കാമ്പ്‌ ലോകത്തെ അറിയപ്പെടുന്ന മോഡലാണ്‌. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവര്‍ത്തകകൂടിയായിരുന്നു.

പിസ്റ്റോറിയസിന്റെ വിശദീകരണം


കഴിഞ്ഞ 13ന് ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു റീവ അവളുടെയും സുഹൃത്തുക്കള്‍ക്കൊപ്പവും. അവള്‍ ഫോണില്‍ വിളിച്ച് ഈ രാത്രി എനിക്കൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞു. അത്താഴം ഒരുമിച്ചുകഴിച്ചശേഷം ഞങ്ങള്‍ രാത്രി 10 മണിയോടെ എന്റെ വീട്ടില്‍ എത്തി.

പിറ്റേന്നുമാത്രമേ തുറന്നുനോക്കാവൂ എന്ന നിബന്ധനയോടെ ഒരു വാലന്റെയിന്‍ദിന സമ്മാനവും അവള്‍ എനിക്കു നല്‍കി. റീവ യോഗപരിശീലനം പൂര്‍ത്തിയാക്കിയശേഷം ബെഡ്ഡിലേക്ക് വന്നു കിടന്നു. അപ്പോള്‍ ഞാന്‍ കൃത്രിമക്കാലുകള്‍ ധരിച്ചിരുന്നില്ല.

മുമ്പ് എനിക്കുനേരെ വധഭീഷണി ഉണ്ടായിട്ടുണ്ട്. വീട്ടില്‍ മോഷണവും ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഒരു 9എംഎം പിസ്റ്റള്‍ തലയണയ്ക്കടിയില്‍വച്ചാണ് ഞാന്‍ സ്ഥിരമായി ഉറങ്ങാറ്. പുലര്‍ച്ചെ ഉണര്‍ന്ന് ഞാന്‍ ബാല്‍ക്കണിയിലേക്ക് പോയി. ഒരു ഫാന്‍ താഴേക്കുകൊണ്ടുവരുന്നതിനും സ്ലൈഡിങ് ഡോറുകള്‍ അടയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഇത്.

അപ്പോള്‍ കുളിമുറിയില്‍നിന്ന് ഒരു ശബ്ദംകേട്ടു. ആരോ കുളിമുറിയില്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പായി. കുളിമുറിയുടെ ജനാലയ്ക്ക് ഗ്രില്ലുകള്‍ ഇല്ല. വീടിന്റെ പണി ചെയ്തിരുന്ന കരാറുകാരന്റെ ഏണി പുറത്തിരിപ്പുമുണ്ട്. അക്രമി അകത്തുകടന്നിട്ടുണ്ടെന്ന സംശയം വന്നതോടെ ഞാന്‍ ഭയപ്പെട്ടു.

ലൈറ്റ് ഓണ്‍ ആക്കാന്‍പോലും ഭയംതോന്നി. ബെഡ്ഡിന് അരികില്‍ച്ചെന്ന് തലയണയ്ക്കടിയില്‍നിന്ന് പിസ്റ്റളെടുത്ത് കുളിമുറിക്കു സമീപത്തേക്കു ചെന്നു. അക്രമിയോട് വീടിനു പുറത്തുപോകാനും റീവയോട് പൊലീസിന് ഫോണ്‍ചെയ്യാനും ഞാന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. മുറിയില്‍ അപ്പോള്‍ കൂരാകൂരിരുട്ടായിരുന്നു. റീവ കട്ടിലില്‍ ഉണ്ടെന്നായിരുന്നു എന്റെ വിശ്വാസം.

അക്രമി ടോയ്ലറ്റിനുള്ളില്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പായി. അകത്ത് ആളനക്കവും കേള്‍ക്കാമായിരുന്നു. കൃത്രിമക്കാലുകള്‍ ഘടിപ്പിക്കാത്ത അവസ്ഥയില്‍ ഞാന്‍ നില്‍ക്കുന്നു. അക്രമി ടോയ്ലറ്റില്‍നിന്ന് മുറിയിലേക്ക് പ്രവേശിച്ചാല്‍ ഞാനും റീവയും അപകടത്തിലാകുമെന്ന് എനിക്കു തോന്നി.

ഞാന്‍ ടോയ്ലറ്റിന്റെ വാതിലിനു നേരെ വെടിവയ്ക്കുകയും പൊലീസിനെ വിളിക്കാന്‍ റീവയോട് വീണ്ടും നിര്‍ദേശിക്കുകയുംചെയ്തു. പക്ഷേ, റീവയില്‍നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. കുളിമുറിയുടെ വാതിലില്‍നിന്ന് ദൃഷ്ടിമാറ്റാതെ കട്ടിലിനരികില്‍വന്നു. കിടപ്പുമുറിയില്‍ അപ്പോഴും കനത്ത ഇരുട്ടായിരുന്നു. കട്ടിലില്‍ ഇരുന്നപ്പോഴാണ് റീവ അടുത്തില്ലെന്ന് എനിക്കു മനസ്സിലായത്.

റീവയാകാം ടോയ്ലറ്റിലെന്ന് അപ്പോള്‍ മാത്രമാണ് എനിക്ക് തോന്നിയത്. റീവയെ ഉച്ചത്തില്‍ വിളിച്ച് ഞാന്‍ വീണ്ടും കുളിമുറിയില്‍ചെന്നു. ടോയ്ലറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. തിരികെ ബെഡ്ഡ്റൂമില്‍ വന്ന ഞാന്‍ ബാല്‍ക്കണിയിലേക്കുള്ള സ്ലൈഡിങ് ഡോര്‍ തുറന്ന് സഹായത്തിനായി നിലവിളിച്ചു. തിരിച്ച് കട്ടിലിനു സമീപമെത്തി ഞാന്‍ കൃത്രിമക്കാലുകള്‍ ധരിച്ചു.

ക്രിക്കറ്റ് ബാറ്റുമെടുത്ത് കുളിമുറിയിലേക്കു കുതിച്ചു. ടോയ്ലറ്റിന്റെ വാതിലിന്റെ ഒരു പാളി ബാറ്റുപയോഗിച്ച് ഞാന്‍ അടിച്ചുപൊളിച്ചു. അതിലൂടെ കയ്യിട്ട് വാതില്‍ തുറന്നു. രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന റീവയെ ടോയ്ലറ്റില്‍നിന്ന് ബാത്ത്റൂമിലേക്കു മാറ്റി.

ഹൗസിങ് കോളനിയുടെ ചുമതലക്കാരന്‍ ജൊഹാന്‍ സ്റ്റാന്‍ഡറിനെ വിളിച്ച് ആംബുലന്‍സ് വരുത്താന്‍ ആവശ്യപ്പെട്ടു. നെറ്റ്വര്‍ക്ക് ആശുപത്രിശൃംഖലയുടെ അത്യാഹിതവിഭാഗത്തിലും ഫോണ്‍ചെയ്ത് സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കുളിമുറിയില്‍ചെന്ന് ഞാന്‍ റീവയെ തോളിലേറ്റി പടികളിറങ്ങി.

ജൊഹാന്‍ സ്റ്റാന്‍ഡറും ഹൗസിങ് കോളനിയില്‍തന്നെ താമസിക്കുന്ന ഡോക്ടറും അപ്പോഴേക്കും എത്തി. റീവയ്ക്ക് പ്രാഥമികചികിത്സ നല്‍കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും അവള്‍ മരിച്ചു.

പൊലീസ് മുന്നോട്ട് വ്യ്ക്കുന്ന തെളിവുകള്‍

കാമുകിയായ റീവ സ്റ്റീന്‍കാമ്പ് കൊല്ലപ്പെടുന്നതിനുമുമ്പ് ഓസ്കാര്‍ പിസ്റ്റോറിയസിന്റെ വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടെന്ന് സാക്ഷിമൊഴിയുണ്ടെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. റീവ ഉറങ്ങുകയായിരുന്നുവെന്ന പിസ്റ്റോറിയസിന്റെ വാദത്തെ ഇത് ദുര്‍ബലപ്പെടുത്തി.

പാരാലിമ്പിക്സ് അത്ഭുതമായ പിസ്റ്റോറിയസിന്റെ വസതിയില്‍നിന്ന് ഉത്തേജകമരുന്നുകളും ലൈസന്‍സില്ലാത്ത വെടിയുണ്ടകളും കണ്ടെടുത്തെന്ന റിപ്പോര്‍ട്ടും പൊലീസ് സ്ഥിരീകരിച്ചു. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന മനഃപൂര്‍വമായ നരഹത്യയാണ് പിസ്റ്റോറിയസിനുമേല്‍ പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുള്ളത്.

പിസ്റ്റോറിയസിന്റെ കിടപ്പുമുറിയോടുചേര്‍ന്നുള്ള ടോയ്ലറ്റിനുള്ളില്‍വച്ചാണ് റീവയ്ക്ക് വെടിയേറ്റത്. ടോയ്ലറ്റ് ഉള്ളില്‍നിന്ന് താക്കോല്‍ ഉപയോഗിച്ച് പൂട്ടിയിരുന്നു. പിസ്റ്റോറിയസും താനും മാത്രമുള്ള വീട്ടില്‍ എന്തിന് റീവ ടോയ്ലറ്റ് താക്കോല്‍ ഉപയോഗിച്ച് പൂട്ടി എന്ന ചോദ്യം പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നു. എന്തെങ്കിലും പ്രകോപനം ഉണ്ടായ പെരുമാറ്റം പിസ്റ്റോറിയസില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നാ‍വാം പൊലീസിന്റെ നിഗമനം.

ടോയ്ലറ്റില്‍ ഇരിക്കുന്ന അവസ്ഥയിലാണ് റീവയ്ക്ക് വെടിയേറ്റതെന്നാണ് പൊലീസിന്റെ ശാസ്ത്രീയമായ നിഗമനം. വാതിലിനുനേരെ വെടിവച്ചാല്‍ ടോയ്ലറ്റില്‍ ഇരിക്കുന്ന ആള്‍ക്ക് അപകടമുണ്ടാകില്ല. അതുകൊണ്ടുതന്നെ പിസ്റ്റോറിയസ് കൃത്യമായ ആംഗിളില്‍ ഉന്നംപിടിച്ചാണ് വെടിവച്ചതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

ഈ അബദ്ധം മനസ്സിലായ ഉടന്‍ ഹൗസിങ് കോളനിയുടെ ചുമതലക്കാരനെയും നെറ്റ്കെയര്‍ എന്ന സ്വകാര്യ ആശുപത്രിശൃംഖലയുടെ അത്യാഹിതവിഭാഗത്തെയും ഫോണിലൂടെ വിവരം അറിയിച്ചെന്നും പിസ്റ്റോറിയസ് സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു. എന്നാല്‍, പിസ്റ്റോറിയസിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത നാല് ഫോണുകളില്‍ ഒന്നില്‍നിന്നും ഇത്തരത്തിലൊരു അടിയന്തരസന്ദേശം പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.