പുതുവര്‍ഷത്തില്‍ നദാലിന് ആദ്യ കിരീടം

Webdunia
ഞായര്‍, 3 ജനുവരി 2010 (13:45 IST)
PRO
കാപ്പിറ്റാല വേള്‍ഡ് ടെന്നീസ് ചാമ്പ്യന്‍‌ഷിപ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ തോ‌ല്‍പ്പിച്ച പെരുമയുമായെത്തിയ റോബിന്‍ സോള്‍ഡറിംഗിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കി രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പുതുവര്‍ഷത്തിലെ ആദ്യ കിരീട നേട്ടം ആഘോഷിച്ചു.

എളുപ്പത്തില്‍ കീഴടങ്ങാന്‍ കൂട്ടാ‍ക്കാതിരുന്ന ലോക എട്ടാം നമ്പര്‍ കൂടിയായ സോള്‍ഡറിംഗിനെ ടൈ ബ്രേക്കറിലാണ് (7-6 (7/3), 7-5) മറികടന്നത്. കഴിഞ്ഞ രണ്ട് എ ടി പി ടൂര്‍ മത്സരങ്ങളിലും സോള്‍ഡറിംഗില്‍ നിന്നേറ്റ തോല്‍‌വിയ്ക്കുള്ള മധുരപ്രതികാരം കൂടിയായി നദാലിന്‍റെ വിജയം.

ആദ്യ സെറ്റില്‍ രണ്ട് സെറ്റ് പോയന്‍റുകള്‍ അതീജിവിച്ചായിരുന്നു നദാലിന്‍റെ കിരീടധാരണം. ദോഹ ഓപ്പണിലാണ് നദാല്‍ ഇനി മാറ്റുരയ്ക്കുന്നത്. ഫെഡററും ദോഹ ഓപ്പണില്‍ മത്സരിക്കുന്നുണ്ട്. അതേ സമയം റോബിന്‍ സോള്‍ഡറിംഗ് ഇന്ത്യയില്‍ നടക്കുന്ന ചെന്നൈ ഓപ്പണില്‍ പങ്കെടുക്കും.